c

പാലക്കാട്: കൊവിഡ് മൂന്നാംതരംഗത്തെ പ്രതിരോധിക്കാന്‍ കുടുംബശ്രീ തയ്യാറായി. 'മിഷന്‍ കൊവിഡ്-2021 പ്രതിരോധിക്കാം, സുരക്ഷിതരാകാം" എന്ന പ്രതിരോധ ബോധവത്കരണ കാമ്പയിന് ജില്ലയിൽ തുടക്കമായി. തദ്ദേശ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, കില എന്നിവയുമായി സഹകരിച്ചാണ് പദ്ധതി.

രോഗം, പ്രതിരോധം, മുന്‍കരുതൽ, വയോജനം-ഗര്‍ഭിണി-കുട്ടികൾ എന്നിവരുടെ സംരക്ഷണം, ഭക്ഷണക്രമം തുടങ്ങി കൊവിഡുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ നല്‍കുന്ന അവബോധം കുടുംബങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി പോസ്റ്ററുകളും വീഡിയോകളും പ്രചരിപ്പിക്കും. കാമ്പയിൻ പ്രവര്‍ത്തകർക്ക് സഹായമാകുന്ന കൈപുസ്തകം കില തയ്യാറാക്കി. പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍, അയല്‍ക്കൂട്ടങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ചംഗ ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബശ്രീ റെസ്‌പോണ്‍സ് ടീം (കെ.ആർ.ടി) എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇവര്‍ക്കാവശ്യമായ പിന്തുണ ജില്ലാ മിഷൻ ലഭ്യമാക്കും.

രണ്ടാംതരംഗത്തില്‍ ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വ്യാപനം രൂക്ഷമാവുകയും രോഗബാധ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ കാമ്പയിൻ. ജില്ലയിലെ മൂന്നുലക്ഷം കുടുംബശ്രീ അംഗങ്ങളുടെ കുടുംബങ്ങളിലേക്ക് കൊവിഡ് പ്രതിരോധം സംബന്ധിച്ച അറിവും നൈപുണ്യവും എത്തിച്ച് ഓരോ വ്യക്തിയേയും സ്വയം സുരക്ഷിതരാക്കും. എല്ലാ ആഴ്ചയും പ്രവര്‍ത്തനം വിലയിരുത്തും.

-പി.സെയ്തലവി, ജില്ലാ കോ-ഓർഡിനേറ്റർ, കുടുംബശ്രീ.