ay

പാലക്കാട്: ജില്ലാ ആയുർവേദ വകുപ്പിൻ്റെ നേതൃത്വത്തിൽ കൊവിഡാനന്തര ആരോഗ്യ പ്രശ്‌നമുള്ളവരെ ചികിത്സിക്കാനായി പ്രത്യേക വാര്‍ഡ് ഇന്നുമുതല്‍. ജില്ലാ ആയുര്‍വേദ ആശുപത്രി, തെങ്കര, തരൂർ, ഒറ്റപ്പാലം ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളിലാണ് വാര്‍ഡ്.

ജില്ലയിൽ സർക്കാർ സംവിധാനം വഴി രണ്ടര ലക്ഷത്തിലേറെ പേരാണ് കൊവിഡുകാല ചികിത്സയ്ക്ക് ആയുര്‍വേദം ഉപയോഗപ്പെടുത്തിയത്. സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ മുഴുവന്‍ ആയുര്‍വേദ ഡോക്ടര്‍മാരെയും ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഉപയോഗപ്പെടുത്തിയാണ് ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം.

ഗുരുതരമല്ലാത്ത രോഗാവസ്ഥയുള്ളവര്‍ക്ക് ഭേഷജം, കൊവിഡിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പുനര്‍ജനി എന്നി പദ്ധതികള്‍ക്ക് ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളിലും ദിനംപ്രതി തിരക്ക് വര്‍ദ്ധിച്ച് വരുന്നുണ്ട്. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലയിലേക്ക് മാത്രം 58 ലക്ഷം രൂപയുടെ മരുന്നാണ് അനുവദിച്ചത്. കൂടാതെ ചെറുതുരുത്തി പഞ്ചകര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 'ആയുഷ് 64" മരുന്നിന്റെ വിതരണം തിരഞ്ഞെടുത്ത സ്ഥാപനങ്ങള്‍ വഴി നടത്തുന്നുണ്ട്.

പ്രതിരോധം ഊർജ്ജിതം

ജില്ലാ ആയുര്‍വേദ കൊവിഡ് റെസ്‌പോണ്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ട്. ഓരോ വ്യക്തികളുടെയും രോഗ വിവരമറിഞ്ഞ് പ്രത്യേകം മരുന്ന് നല്‍കും.

-ഡോ.എസ്.ഷിബു, ആയുർവേദ ഡി.എം.ഒ.