പാലക്കാട്: കൽമണ്ഡപം മുതൽ ശേഖരീപുരം വരെയുള്ള 3.5 കിലോമീറ്റർ കോഴിക്കോട് ബൈപ്പാസിനെ മാതൃകാ റോഡാക്കുന്നതിന്റെ ഭാഗമായി ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ നിർദേശ പ്രകാരം എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ, പൊലീസ്, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി ഓഡിറ്റിംഗ് നടത്തി.
കൽമണ്ഡപം, കൊപ്പം ജംഗ്ഷനുകളിൽ ഫ്രീ ലെഫ്‌റ്റ്, ലോറി പാർക്കിംഗ്, തെരുവ് വിളക്കുകൾ സ്ഥാപിക്കുക, എല്ലാ ജംഗ്ഷനുകളിലും റംബിൾ സ്ട്രിപ്പ്, റിഫ്ളക്ടീവ് സ്റ്റഡ്, റോഡ് മാർക്കിംഗ്, സൈൻ ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കുക എന്നി വിഷയങ്ങളിൽ വിശദമായ പരിശോധന നടത്തി.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഡ്രൈവർമാരുടെ കാഴ്ച മറച്ച് റോഡപകടങ്ങൾക്കിടയാക്കുന്ന വസ്തുക്കൾ നീക്കുന്നതിനുള്ള പരിശോധനയും നടത്തി. റിപ്പോർട്ട് ജില്ലാ റോഡ് സുരക്ഷാ കൗൺസിലിന്റെ 16ന് നടക്കുന്ന യോഗത്തിൽ സമർപ്പിക്കുമെന്ന് എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ വി.എ.സഹദേവൻ അറിയിച്ചു.
ഡിവൈ.എസ്.പി ജോൺ (ട്രാഫിക് നോഡൽ ഓഫീസർ), പി.ഡബ്ല്യു.ഡി അസി.എൻജിനീയർ സുരേഷ്, എം.വി.ഐ സുജീഷ്, എ.എം.വി.ഐ കെ.ദേവീദാസൻ, ദീപക് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.