aadhivasi-women-delivery-

പാലക്കാട്: ജില്ലാ വനിതാ-ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ച കൊവിഡ് ബാധിതയായ ആദിവാസി യുവതി പ്രസവിച്ച കുഞ്ഞ് പരിചരണം കിട്ടാതെ മരണമടഞ്ഞുവെന്ന് പരാതി. അട്ടപ്പാടി പാലൂർ ധാന്യം ഊരിലെ മാരിയമ്മ- വെള്ളിങ്കിരി ദമ്പതികളുടെ പെൺകുഞ്ഞ് പ്രസവിച്ച ഉടൻ മരിച്ചത് ചികിത്സാ നിഷേധം മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചു.

കഴിഞ്ഞ ദിവസം മാരിയമ്മയെ പ്രസവത്തിനായി കോട്ടാത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഇവരെ ജില്ലാ വനിതാ-ശിശു ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ വേദന കൂടിയതിനാൽ നഴ്‌സുമാരെ വിവരം അറിയിച്ചെങ്കിലും ശ്രദ്ധിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. രാവിലെ ടോയ്ലറ്റിൽ പോകുന്ന വഴി വേദന കൂടി. തിരികെ ബെഡിലേക്ക് എത്തിച്ചപ്പോഴേയ്ക്കും പ്രസവിച്ചെന്ന് മാരിയമ്മയുടെ ഭർത്തൃസഹോദരി പറഞ്ഞു.
എന്നാൽ, ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. ഗർഭാവസ്ഥയിൽ തന്നെ കുട്ടി മരിച്ചിരുന്നെന്നും ഈ വിവരം ബന്ധുക്കളെ അറിയിച്ചിരുന്നതായും സൂപ്രണ്ട് ഡോ .പി.കെ.ജയശ്രീ പറഞ്ഞു. സ്‌കാനിംഗ് റിപ്പോർട്ട് ഉൾപ്പെടെയുള്ളവ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പരാതി അന്വേഷിക്കുന്ന ഡിവൈ.എസ്.പി സി. ജോൺ അറിയിച്ചു.