el

പാലക്കാട്: ലോക് ഡൗണിനെ തുടർന്നുള്ള പ്രതിസന്ധിയിൽ ആ​ന​ക​ൾ​ക്കും ഇ​ത്​ ദു​രി​ത​കാ​ലം. പു​റ​ത്തേ​ക്കു​ള്ള സ​ഞ്ചാ​ര​മി​ല്ലാ​തെ കെട്ടു​ത​റി​യി​ൽ ഒരു മ​ദ​പ്പാ​ട്​ കാ​ലം മുഴുവൻ ത​ള്ളി​നീ​ക്കേ​ണ്ട ഗതികേടിലാണ് നാ​ട്ടാ​ന​ക​ൾ. മേ​യ് മുതൽ നാലുമാസമാണ്​ ആ​ന​ക​ളുടെ മ​ദ​പ്പാ​ട്​ കാ​ലം.

നിയന്ത്രണം നിലനിൽക്കുന്നതിനാൽ പറമ്പിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. അ​പൂ​ർ​വം ല​ഘു​ന​ട​ത്ത​ത്തി​ലാ​ണ്​ ചില ആനകളെങ്കിലും ഓരോ ദിവസവും ത​ള്ളി​ നീ​ക്കു​ന്ന​ത്. ജില്ലയിൽ ആകെ 32 നാട്ടാനകളുണ്ട്. ഇതിൽ ഒരു പിടിയാന ഉൾപ്പെടെ 30 എണ്ണം സ്വകാര്യ വ്യക്തികൾക്ക് കീഴിലും രണ്ടെണ്ണം ദേവസ്വത്തിന് കീഴിലുമാണ്.

മദപ്പാട് കാലം നാട്ടാനകൾ വ്യ​ത്യ​സ്​​ത രു​ചി​ നു​ക​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സമയം കൂ​ടി​യാ​ണ്. കാ​ല​വ​ർ​ഷാ​രം​ഭ​ത്തി​ലും ക​ർ​ക്കിട​ക മാ​സ​ത്തി​ലും ആ​ന​ക​ൾ​ക്ക് സു​ഖ​ചി​കി​ത്സ പ​തി​വു​ണ്ടെ​ങ്കി​ലും ഈ ​വ​ർ​ഷം സാമ്പത്തിക മാന്ദ്യം കാരണം അ​തി​നും സാദ്ധ്യ​ത​യി​ല്ലെന്ന് ആനയുടമകൾ പറയുന്നു. ആ​ന​ക​ൾക്ക് ദി​വ​സ​വും കു​റ​ഞ്ഞ​ത്​ ആ​റുമു​ത​ൽ 10 കി​.​മീ വ​രെ ന​ട​ക്കേ​ണ്ട​തു​ണ്ട്. ഇ​പ്പോ​ൾ രാ​വി​ലെയോ വൈ​കിട്ടോ പാ​പ്പാ​ന്മാ​രു​ടെ മേൽനോട്ടത്തിൽ പറമ്പിന് ചുറ്റുമുള്ള ചെറുനടത്തം മാത്രമേ സാദ്ധ്യമാകൂ.

എ​ല്ലാ നാ​ട്ടാ​ന​ക​ളെ​യും ഇങ്ങനെ നടത്തിക്കാൻ പല ഉടമസ്ഥർക്കും സ്ഥല സൗകര്യവുമില്ല. കൊ​വി​ഡി​ന്​ മു​മ്പ്​ ആ​ന​ക​ളെ പാ​പ്പാ​ന്മാ​ർ വ​ഴി​നീ​ളെ ന​ട​ത്തു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്നു. പ​ഴ​വും ച​ക്ക​യും ക​രി​മ്പു​മൊ​ക്കെ ആ ​യാ​ത്ര​യി​ൽ കി​ട്ടും. ഇ​പ്പോ​ൾ പു​ല്ലും പ​ട്ട​യും മാ​ത്രമാ​യി തീറ്റ.

15 വ​യസ് ക​ഴി​ഞ്ഞ് യൗ​വ​നാ​രം​ഭ​മാ​യ ഏ​തൊ​രാ​ന​ക്കും മ​ദം ഉ​ണ്ടാ​കാം. മ​ദ​പ്പാ​ട്​ കാ​ല​ത്ത്​ ഹോ​ർ​മോ​ൺ വ്യ​ത്യാ​സ​മ​നു​സ​രി​ച്ച്​ ആ​നയു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന അ​മി​ത ഉൗ​ർ​ജം പ​ല​ത​ര​ത്തി​ലാ​ണ്​ പു​റ​ത്തു​വി​ടു​ന്ന​ത്. ചി​ല ആ​ന​ക​ൾ അ​ക്ര​മാ​സക്തരാ​കും. ലോ​ക്​​ഡൗ​ണി​ൽ സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം പ​രി​മി​ത​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ൻ പാ​പ്പാ​ൻ​മാ​ർ​ക്ക്​ നി​ർദേശം ന​ൽ​കി​യ​താ​യി ഫോ​റ​സ്റ്റ്​ അ​ധി​കൃ​ത​ർ പറയുന്നു.

ആനകളുടെ ക്ഷേമം അന്വേഷിക്കാൻ കമ്മിഷൻ വേണമെന്ന്

1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ ആനകൾ വംശനാശത്തിന്റെ വക്കിലാണ്. കാട്ടാനയും നാട്ടാനയും ഇക്കാര്യത്തിൽ വ്യത്യസ്തമല്ല. 2010 മുതൽ 2019 വരെ കാലയളവിൽ 850ൽ അധികം കാട്ടാനകൾ പല കാരണങ്ങളാൽ ചരിഞ്ഞു. നാട്ടാനകളുടെ എണ്ണം ഈ കാലയളവിൽ പകുതിയായി. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 113 കാട്ടാന ഇല്ലാതായി.

സംസ്ഥാനത്ത് നിലവിൽ 478 നാട്ടാനകൾ മാത്രമാണുള്ളത്. അതിൽ പകുതിയോളവും വിവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നു. 2017ൽ നടന്ന കണക്കെടുപ്പിൽ സംസ്ഥാനത്ത് പിടി-കൊമ്പൻ ആനകളുടെ ആനുപാതം കുറയുന്നതായി കണ്ടെത്തിയിരുന്നു. നിലവിൽ 50:1 ആനുപാതമാണുള്ളത്. ഇത് ആനകളുടെ അതിജീവനത്തിന് ഭീഷണിയാണ്. ആനകളുടെ ക്ഷേമത്തെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ വെക്കാൻ സർക്കാർ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.