പാലക്കാട്: സ്വാതന്ത്ര്യസമര കാലത്തോളം പഴക്കമുള്ള, ഒറ്റപ്പാലത്തെ കോടതി സമുച്ചയം പൊളിക്കാതെ പൈതൃക മ്യൂസിയമാക്കണമെന്ന ആവശ്യം പരിശോധിക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ശുപാർശ. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ തൃശൂർ സർക്കിൾ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് കെ.പി.മോഹൻദാസ് തിരുവനന്തപുരത്തെ ആർട് ആൻഡ് ഹെറിറ്റേജ് കമ്മിഷനും പാലക്കാട് കളക്ടർക്കും ഇതുസംബന്ധിച്ച് കത്തയച്ചു. ക്ഷയിച്ചുതുടങ്ങിയ കെട്ടിടം പൊളിച്ച് 23.35 കോടി ചെലവിൽ ഏഴുനിലകളുള്ള കോടതി സമുച്ചയം നിർമ്മിക്കാനാണ് നീക്കം.
1921ഏപ്രിൽ 23ന് ആദ്യ കെ.പി.സി.സി സമ്മേളനം നടന്നത് ഒറ്റപ്പാലത്തായിരുന്നു. മലബാറിലെയും തിരുവിതാംകൂറിലെയും കൊച്ചിയിലെയും നേതാക്കൾ ഒത്തുകൂടിയ ഈ സമ്മേളനമാണ് ഐക്യകേരളം എന്ന സ്വപ്നത്തിന് വഴിതെളിച്ചത്. സമ്മേളനത്തിൽ പങ്കെടുത്തവരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് വിചാരണ ചെയ്തത് ഈ കോടതിയിലായിരുന്നു. അയ്യായിരത്തോളം പേരാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ആദ്യ കെ.പി.സി.സി സമ്മേളനത്തിന്റെ നൂറാം വാർഷികവേളയിലാണ് അതിന്റെ ചരിത്ര അവശേഷിപ്പ് പൊളിക്കാനുള്ള ശ്രമം നടക്കുന്നത്. സംസ്ഥാനത്ത് ഒരിടത്തും കെ.പി.സി.സി സമ്മേളന ചരിത്രം രേഖപ്പെടുത്തുന്ന അവശേഷിപ്പുകൾ ഇല്ല.
ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഒറ്റപ്പാലം കോടതിക്ക്. 1792 ലെ ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം ഒറ്റപ്പാലം ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ ബ്രിട്ടീഷ് കമ്പനിക്ക് കീഴിലാവുകയും ബ്രിട്ടീഷുകാർ ചെർപ്പുളശ്ശേരി ആസ്ഥാനമാക്കി കോടതി ആരംഭിക്കുകയും ചെയ്തു. ജസ്റ്റിസ് മാധവൻ നായർ, എഴുത്തുകാരനായിരുന്ന ജസ്റ്റിസ് ഒയ്യാരത്ത് ചന്തുമേനോൻ, ജസ്റ്റിസുമാരായ ഫാത്തിമ ബീവി, പി.ജാനകി അമ്മ, എ.ഹരിപ്രസാദ് തുടങ്ങി പ്രമുഖ ന്യായാധിപൻമാരുടെയും അഭിഭാഷകരുടെയും കർമ്മരംഗമായിരുന്നു ഈ കോടതി.
പുരാവസ്‌തു സംരക്ഷണ നിയമപ്രകാരം നൂറ് വർഷമോ അതിലധികമോ പഴക്കമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കണം. അതിനാൽ പഴയകോടതി പൊളിക്കരുതെന്ന ആവശ്യം ശക്തമാണ്.
ഈ ചരിത്ര സ്മാരകം നിലനിറുത്തി പുതിയ സമുച്ചയത്തിന്റെ സാദ്ധ്യതകൾ പരിശോധിക്കണം. ഒറ്റപ്പാലം സിവിൽ സ്റ്റേഷനോട് ചേർന്ന് കാഞ്ഞിരപ്പുഴ ഇറിഗേഷൻ പദ്ധതിയുടെ ഒന്നര ഏക്കർ ഇതിന് ഉപയോഗിക്കാം. 19ാം നൂറ്റാണ്ടിന്റെ അവസാനം സ്ഥാപിച്ച കോടതി പൈതൃക സ്മാരകമായി സംരക്ഷിക്കണം.
--ബോബൻ മാട്ടുമന്ത, ഹിസ്റ്ററി ക്ലബ് പ്രസിഡന്റ്