unlock

പാലക്കാട്: രണ്ടാംതരംഗം രൂക്ഷമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച പൂർണ അടച്ചിടൽ അവസാനിപ്പിച്ച് സംസ്ഥാനം. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ തരംതിരിച്ചതുമൂലം പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങളിൽ മാത്രമേ സാധാരണ പ്രവർത്തനം അനുവദിക്കുകയുള്ളൂ. ഇവിടങ്ങളിൽ ഇന്നുമുതൽ എല്ലാ കടകളും രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ തുറക്കാം. സ്വകാര്യ സ്ഥാപനങ്ങളിൽ 50% ജീവനക്കാരോടെ പ്രവർത്തിക്കാം.

ട്രിപ്പിൾ ലോക് ഡൗണുള്ള മേഖലയിൽ അത്യാവശ്യസർവീസുകളൊഴിച്ച് ബാക്കിയെല്ലാം പൂർണമായും അടഞ്ഞുകിടക്കും. ലോക്ഡൗൺ ഉള്ളിടത്ത് അവശ്യവസ്തുക്കളുടെ കടകൾ മാത്രം ഏഴു മുതൽ ഏഴുവരെ പ്രവർത്തിക്കാം. മറ്റ് കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ ഏഴുമുതൽ ഏഴുവരെ 50% ജീവനക്കാരെവച്ച് പ്രവർത്തിക്കാവുന്നതാണ്.

ഭാഗിക ലോക്ക്ഡൗൺ ഉള്ള പ്രദേശങ്ങളിൽ അവശ്യവസ്തുക്കൾ ഏഴുമുതൽ ഏഴുവരെ പ്രവർത്തിക്കാം. മറ്റുകടകൾ തിങ്കൾ, ബുധൻ, വെള്ളി മാത്രം പകുതി ജീവനക്കാരെവച്ച് പ്രവർത്തിക്കാവുന്നതാണ്.

പൊതു ഇളവുകൾ

 വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾ എല്ലാതദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും നടത്താം. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗതത്തിന് അനുവാദമുണ്ടാകും

 അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകീട്ട് 7വരെ തുറക്കാം.

 അക്ഷയകേന്ദ്രങ്ങൾക്ക് തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം.

 ഇന്നു മുതൽ കേന്ദ്ര - സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മിഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ റോട്ടേഷൻ അടിസ്ഥാനത്തിൽ 25 ശതമാനം ജീവനക്കാരെ ഉൾക്കൊള്ളിച്ചു പ്രവർത്തിക്കാം.

 വാരാന്ത്യ ലോക്ക്ഡൗൺ തുടരും

 ഇന്നു മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും

 ബാങ്കുകളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം

 വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രം അനുവദിക്കും. മറ്റു ആൾക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ല.

 എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്‌പോർട്‌സ് സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ).

 റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.

 ബെവ്‌കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതൽ വൈകീട്ട് എഴുവരെ പ്രവർത്തിക്കാം. ആപ്പ് മുഖേന സ്‌ളോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും പ്രവർത്തനം