t

ചിറ്റൂർ: കേരളത്തിലെ മരം മാഫിയ മുറിച്ച മരങ്ങളിൽ ഭൂരിഭാഗവും തമിഴ്നാട്ടിലെ തടിമില്ലുകളിലേക്ക് കടത്തിയതായി സൂചന.

അതിർത്തിയിലെ മില്ലുകളിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിൽ ഇതു സംബന്ധിച്ച രേഖകൾ ലഭിച്ചതായാണ് വിവരം.

വനം വകുപ്പിന്റെ ചെക്ക് പോസ്റ്റുകൾ ഇല്ലാത്ത റോഡ് മാർഗങ്ങളിലൂടെയാണ് നൂറ് കണക്കിന് ലോഡ് മരങ്ങൾ തമിഴ് നാട്ടിലേക്ക് എത്തുന്നത്. കേരളത്തിലെ ഇതര ജില്ലകളിൽ നിന്നും വരുന്ന തടി ലോഡ് കഞ്ചിക്കോട്- മേനോൻപാറ- ഒഴലപ്പതി- കുപ്പാണ്ട കൗണ്ടനൂർ വഴിയാണ് തമിഴ്നാട്ടിലേക്ക് എത്തുന്നത്. ഈ റൂട്ടിൽ വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുകളില്ല. അതിർത്തിയിൽ പ്രവർത്തിക്കുന്ന ചില തടിമില്ലുകളുടെ മറവിലാണ് കടത്ത്. കഴിഞ്ഞ ആറുമാസത്തിനിടെ ഈ റൂട്ടിലൂടെ മാത്രം 400ൽപ്പരം ലോഡ് കടന്നു പോയിട്ടുള്ളതായി നാട്ടുകാർ പറയുന്നു. തമിഴ്നാട്ടിൽ തേക്കിനും വീട്ടിക്കും പൊന്നുംവിലയാണ്. അതുകൊണ്ടുതന്നെ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ പ്രവർത്തിക്കുന്ന തടി മില്ലുകളിൽ കേരളത്തിലെ ആയിരക്കണക്കിന് തേക്കിൻതടികളാണ് ശേഖരിച്ച് വച്ചിട്ടുള്ളത്.

കൂടാതെ കോയമ്പത്തൂരിലും പൊള്ളാച്ചിയിലുമായി ഇരൂപതോളം തടി മില്ലുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഈ മില്ലുകളിലെല്ലാം കേരളത്തിൽ നിന്നുള്ള മരങ്ങളാണ് പ്രധാനമായുമെത്തുന്നത്. തമിഴ്നാട്ടിലെ വൻകിടക്കാരുടെ കെട്ടിട നിർമ്മാണത്തിന് കേരളത്തിലെ തേക്കും ഈട്ടിയുമാണ് കൂടുതലായി ഉപയോഗിക്കുന്നത്.

ഉരുപ്പടികളാക്കി പ്രധാന നഗരങ്ങളിലേക്കും പുറമെ വിദേശത്തേക്കും കയറ്റി അയക്കുന്നുണ്ട്. തേക്കിനും ഈട്ടിക്കും വിദേശത്ത് വൻ ഡിമാന്റാണെന്ന്. തൃശൂർ, മലപ്പുറം, പാലക്കാട് വനമേഖലകളിൽ നിന്നുളള മരങ്ങളാണ് ഇതുവഴി അതിർത്തി കടക്കുന്നത്. വിജിലൻസ് അന്വേഷണം തമിഴ്നാട്ടിലേക്ക് കൂടി വ്യാപിപിക്കണമെന്ന ആവശ്യം ശക്തമാണ്.