k
കവളപ്പാറ കൊട്ടാരം

കവളപ്പാറ കൊട്ടാരം സ്മാരകമായി സംരക്ഷിക്കാൻ നടപടിയില്ല

ഒറ്റപ്പാലം: രാജഭരണ കാലത്ത് ഉഗ്രപ്രതാപിയായിരുന്ന കവളപ്പാറ മൂപ്പിൽ നായരുടെ കൊട്ടാരം കാലപ്പഴക്കത്താൽ ജീർണ്ണിച്ച് നിലംപൊത്താറായ നിലയിലാണ്. കൊട്ടാരക്കഥകളുറങ്ങുന്ന കവളപ്പാറയുടെ മണ്ണിൽ ഇന്ന് അവശേഷിക്കുന്നത് കൊട്ടാരത്തിന്റെ പ്രധാന ഭാഗമായ മാളികചുവട് മാത്രം. ഈ കെട്ടിടം നൂറ്റാണ്ടുകളുടെ പഴക്കം അതിജീവിക്കാനാവാതെ തകർന്ന് വീഴാറായ നിലയിലാണ്.

കൊട്ടാരവും ഏക്കർ കണക്കിന് വരുന്ന വസ്തുവകകൾ സംബന്ധിച്ചും കോടതിയിൽ വർഷങ്ങളായി നിയമതർക്കം തുടർന്നതിനാൽ കൊട്ടാരം സംരക്ഷിക്കാൻ നടപടിയുണ്ടായില്ല. തർക്കത്തെ തുടർന്ന് റസീവർ ഭരണത്തിലാണ് കൊട്ടാരവും അനുബന്ധ സ്വത്തുക്കളും.
നാടുവാഴി ഭരണകാലത്തെ മഹാചരിത്രം പേറുന്നതാണ് കവളപ്പാറ കൊട്ടാരം. പറയിപെറ്റ പന്തിരുകുലത്തിലെ ഏക പെൺ സന്തതിയായ കാരൈക്കൽ അമ്മയാരുടെ പിൻതലമുറക്കാരായ നായർ നാടുവാഴികളായാണ് ചരിത്രം ഇവരെ അടയാളപ്പെടുത്തുന്നത്. കവളപ്പാറ മൂപ്പിൽ സ്വരൂപവുമായി ബന്ധപ്പെട്ട് ചരിത്രത്തിന്റെ ഒട്ടേറെ ഏടുകളുണ്ട്.

വാണിഭത്തിനായി തെലുങ്കു നാട്ടിൽ നിന്ന് ചെട്ടിമാരെയും തമിഴകത്തെ ചെട്ടിമാരെയും വാണിയംകുളത്തേക്ക് ക്ഷണിച്ചു വരുത്തി കുടിയിരുത്തിയത് കവളപ്പാറ സ്വരൂപമാണ്. വാണിയംകുളത്ത് ആഴ്ച ചന്ത തുടങ്ങിയതും മൂപ്പിൽ നായർ തന്നെ.
കേരളത്തിൽ കാളവണ്ടി സുലഭമല്ലാതിരുന്ന കാലത്ത് കാളവണ്ടി പണിക്കും കച്ചവടത്തിനുമായി ചെട്ടി സമുദായക്കാരെ തമിഴകത്തു നിന്നു ക്ഷണിച്ചു വരുത്തി കൂനത്തറയിൽ പാർപ്പിടം നൽകിയതും മൂപ്പിൽ നായന്മാരാണ്. തോൽപ്പാവകൂത്തെന്ന കലാരൂപം ഈ മണ്ണിൽ പരിപോഷിപ്പിച്ചതും മൂപ്പിൽ സ്വരൂപം തന്നെ. ഇത്തരത്തിൽ ചരിത്ര പ്രാധാന്യമേറെയുള്ള കവളപ്പാറ കൊട്ടാരം സർക്കാർ ഏറ്റെടുത്ത് സ്മാരകമാക്കി സംരക്ഷിക്കണമെന്ന മുറവിളി ആരും കേട്ടില്ല. സർക്കാരിന്റെ പൈതൃക സംരക്ഷണ പദ്ധതി പ്രകാരവും കൊട്ടാരം സംരക്ഷിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ, സ്വകാര്യ വ്യക്തികളുടെ സ്വത്ത് തർക്ക വിഷയമാക്കി ഇത് ചുരുങ്ങി. ഇതോടെ കവളപ്പാറ കൊട്ടാരം കാലയവനികയിലേക്ക് മറയാൻ തരത്തിൽ ജീർണത കയറി നശിച്ചു.