crime

പാലക്കാട്: രണ്ടുവർഷം മുമ്പ് കൊഴിഞ്ഞാമ്പാറയിൽ നിന്ന് കാണാതായ 14 വയസുകാരിയെ നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനൊപ്പം മധുരയിലെ വാടക വീട്ടിൽ വ്യാഴാഴ്‌ച ജില്ലാ ക്രൈംബ്രാഞ്ച് മിസിംഗ് സ്‌ക്വാഡ് കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന പാടൂർ സ്വദേശിയായ യുവാവ് രക്ഷപ്പെട്ടു. ഇയാൾക്കായി തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ തെരച്ചിൽ ഊർജിതമാക്കിയതായും ഡിവൈ.എസ്.പി സി.ജോൺ പറഞ്ഞു.

ഇന്നലെ കൊഴിഞ്ഞാമ്പാറയിലെത്തിച്ച പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തും. തുടർന്നാവും കേസെടുക്കുക. യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തും. അതിന് മുമ്പ് യുവാവിനെ കസ്റ്റഡിയിലെടുക്കാനാണ് നീക്കം.

2019 ലാണ് പെൺകുട്ടിയെ കാണാതായത്. അമ്മയ്‌ക്കൊപ്പം കാറ്ററിംഗ് ജോലി ചെയ്തിരുന്ന യുവാവുമായി പ്രണയത്തിലായ പെൺകുട്ടി ചില ബന്ധുക്കളുടെ അറിവോടെയാണ് വീടുവിട്ടത്. മധുരയിൽ ജോലിയുള്ള യുവാവിന്റെ സഹോദരന്റെ സഹായത്താലാണ് ഇരുവരും തമിഴ്നാട്ടിലെത്തിയത്. കല്യാണം കഴിച്ച് രണ്ടുവർഷമായി വാടകവീട്ടിൽ താമസിക്കുകയായിരുന്നു. അന്ന് പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കൊഴിഞ്ഞാമ്പാറ പൊലീസ് അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല. തുടർന്നാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ വിവരങ്ങൾ ശേഖരിച്ചും ചില ബന്ധുക്കളെ നിരീക്ഷിച്ചുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

ഡിവൈ.എസ്.പി സി.ജോൺ, എ.എസ്‌.ഐ ജോൺസൺ, എസ്.സി.പി.ഒമാരായ പ്രവീൺകുമാർ, സുനിൽകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.