പാലക്കാട്: മദ്യപിച്ച് ഹോട്ടലിലെത്തി ജീവനക്കാരുമായുണ്ടായ തർക്കത്തിനിടെ കൈകൊണ്ട് ചില്ല് ഇടിച്ചുതകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ചു. കൊടുമ്പ് കല്ലിങ്കൽ ചെമട്ടിയപ്പാടം കളപ്പക്കാട് മണിയുടെ മകൻ ശ്രീജിത്താണ് (25) മരിച്ചത്. മരുതറോഡ് ഇരട്ടയാൽ കാഞ്ഞിക്കുളം പോളിടെക്നിക് ബസ് സ്റ്റോപ്പിനു സമീപത്തെ ഭക്ഷണശാലയിൽ വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
ശ്രീജിത്തുൾപ്പെടെ അഞ്ച് സുഹൃത്തുക്കൾ 7.45ഓടെയാണ് ഹോട്ടലിലെത്തിയത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടൽ അടച്ചിരുന്നു. ഇതിനോട് ചേർന്നുള്ള ഷീറ്റുമേഞ്ഞ ഹട്ടിൽ ഹോട്ടൽ ജീവനക്കാർ ഭക്ഷണം കഴിക്കുകയായിരുന്നു. പതിവ് കസ്റ്റമറായതിനാൽ ശ്രീജിത്തിനും സുഹൃത്തുക്കൾക്കും ജീവനക്കാർക്കായി മാറ്റിവച്ചതിൽ നിന്ന് പൊറോട്ടയും മീൻകറിയും നൽകി. ഇതിൽ മീൻകഷ്ണം ഉൾപ്പെട്ടതിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ സംഘത്തിലൊരാൾ ഹോട്ടൽ ജീവനക്കാർക്കെതിരെ മുളവടിയെറിഞ്ഞു. ഇതിനിടെ ശ്രീജിത്ത് ഹട്ടിലെ കണ്ണാടി ചില്ലും ഇടിച്ചുതകർത്തു. കൈയിലെ ഞരമ്പ് മുറിഞ്ഞ് രക്തംവാർന്നതോടെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കസബ സി.ഐ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഭവസ്ഥലം പരിശോധിച്ചു. അസ്വാഭാവിക മരണത്തിന് കേസെടത്തു. പെയിന്റിംഗ് തൊഴിലാളിയാണ് മരിച്ച ശ്രീജിത്ത്. അമ്മ: സരസ്വതി. സഹോദരി: സിൽജ.