ശ്രീകൃഷ്ണപുരം: 2018ലെ പ്രളയത്തിൽ ഭാഗികമായും 2019ൽ പൂർണമായും തകർന്ന കരിമ്പുഴ കരിമ്പന വരമ്പ് പാലം പുനർനിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കെ.പ്രേംകുമാർ എം.എൽ.എ അറിയിച്ചു. പ്രവൃത്തി പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
കരിമ്പുഴ- കോട്ടപ്പുറം- ആറ്റാശേരി റോഡിലെ പാലം തകർന്നതോടെ ഗതാഗത സൗകര്യവും കുടിവെള്ള വിതരണവും തടസപ്പെട്ട് ആറ്റാശേരി നിവാസികൾ ദുരിതത്തിലായിരുന്നു. തുടർന്ന് അന്നത്തെ എം.എൽ.എ പി.ഉണ്ണിയുടെ ആസ്തി വികസന ഫണ്ടിലുൾപ്പെടുത്തി അനുവദിച്ച 40 ലക്ഷം വിനിയോഗിച്ചാണ് പാലം പണി ആരംഭിച്ചത്. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നതിന് 2.5 ലക്ഷവും പ്രത്യേകമായി നൽകിയിരുന്നു.
അനുവദിച്ച തുക വിനിയോഗിച്ച് പാലം പണിയുടെ സ്ലാബ് വരെയുള്ള പ്രവർത്തനമാണ് നടന്നത്. കുടിവെള്ള വിതരണം താത്ക്കാലി കമായി പുനഃസ്ഥാപിച്ചു. അനുവദിച്ച തുക തികയാതെ വന്നതിനാലാണ് പാലം നിർമ്മാണം താൽക്കാലികമായി നിറുത്തി വച്ചത്.
അടിയന്തരമായി നിർമ്മാണം ആരംഭിക്കുന്നതിന് കൂടുതൽ തുക എം.എൽ.എ- തദ്ദേശ ഫണ്ടിൽ നിന്ന് വകയിരുത്തുമെന്നും എം.എൽ.എ പറഞ്ഞു.