കോങ്ങാട്: ട്രിപ്പിൾ ലോക്ക് ഡൗണും കാലംതെറ്റി പെയ്ത മഴയിലും ചീഞ്ഞളിഞ്ഞ് മൂന്നേക്കർ സ്ഥലത്തെ മൂപ്പെത്താറായ പൈനാപ്പിൾ കൃഷി നശിച്ചു. ഇതോടെ പൈനാപ്പിൾ ചക്ക വെട്ടി കർഷകർ കൃഷി സ്ഥലത്ത് കൂട്ടിയിട്ടു.
കോങ്ങാട് കുണ്ടുവംപാടത്ത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പുലാപ്പറ്റ ജോമേഷ്, ചിറക്കൽപ്പടി അബ്ദുൾ നാസർ, കല്ലടിക്കോട് മൈക്കിൾ എന്നിവരുടെ കൃഷിയാണ് നശിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് പൈനാപ്പിൾ കൃഷി ചെയ്യുന്ന ഇവർ കുണ്ടുവംപാടത്ത് 11 ഏക്കർ സ്ഥലത്താണ് കൃഷി ഇറക്കിയത്.
സാധാരണ വേനൽ കഴിഞ്ഞ് വരുന്ന മഴയിൽ പൈനാപ്പിൾ കേടാവാറില്ല. എന്നാൽ വേനലിനിടയ്ക്ക് പെയ്ത മഴയായതിനാൽ നല്ല ചൂടായി നിൽക്കുന്ന പൈനാപ്പിൾ ചക്കയിൽ വെള്ളമിറങ്ങിതാണ് നശിക്കാൻ കാരണം. ഏപ്രിലിൽ കിലോക്ക് 45 രൂപ വരെ കിട്ടിയിരുന്ന പൈനാപ്പിളിന് തുടർന്നും ഈ വില കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. പൈനാപ്പിളിന്റെ പ്രധാന മാർക്കറ്റായ മലപ്പുറത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നതോടെ ആവശ്യക്കാർ തീരെ കുറഞ്ഞതും ഇരുട്ടടിയായി.
കോങ്ങാട് കൃഷി ഭവൻ ഉല്പന്നം വിൽക്കാൻ എല്ലാവിധ സഹായവും നൽകിയെങ്കിലും ലോക്ക് ഡൗൺ കാരണം മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഒരു പൈനാപ്പിൾ ചെടിയിൽ നിന്ന് മൂന്നുതവണ വിളവെടുക്കാം. അതുകൊണ്ട് കേടായ പൈനാപ്പിളിലൂടെ വെള്ളമിറങ്ങി ചെടി നശിക്കാതിരിക്കാനാണ് ചീഞ്ഞവ വെട്ടിമാറ്റിയത്.