c

പാലക്കാട്: പ്ലസ് ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷ നടത്താൻ തീരുമാനിച്ചതിനാൽ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ഡൊമിസിലിയറി കെയർ സെന്ററുകൾ, ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ എന്നിവിടങ്ങളിലെ കൊവിഡ് രോഗികളെ സമീപത്തെ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റി.

പരീക്ഷ നടത്തിപ്പിനെ ബാധിക്കാൻ സാദ്ധ്യതയുള്ളതായി കണ്ടെത്തിയ 20ൽ 16 കേന്ദ്രങ്ങളിലെ രോഗികളെയാണ് സമീപത്തുള്ള മാറ്റിയത്. നാലിടത്ത് രോഗികളെ പ്രവേശിപ്പിച്ചിട്ടില്ലാത്തതിനാൽ പരീക്ഷ നടത്തിപ്പിനെ ബാധിക്കില്ല. ജില്ലാ കലക്ടർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ എ.ഡി.എമ്മിന്റെ അദ്ധ്യക്ഷതയിൽ ആരോഗ്യം, തദ്ദേശം, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗ തീരുമാനത്തെ തുടർന്നാണ് നടപടി.

എലപ്പുള്ളി ജി.എ.പി.എച്ച് എസ്.എസ്, ചന്ദ്രനഗർ ഭാരത് മാത സ്‌കൂൾ, പറളി എച്ച്.എസ്, പെരിങ്ങോട്ടുകുറിശി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, കോട്ടായി ഗവ.സ്‌കൂൾ, നെന്മാറ ജി.ജി.എച്ച് എസ്.എസ്, കോഴിപ്പാറ ജി.എച്ച്.എസ്.എസ്, വടവന്നൂർ വി.എം.എച്ച്.എസ്.എസ്, കോട്ടോപ്പാടം കെ.എ.എച്ച് എസ്.എസ്, പുത്തൂർ ഗവ.ട്രൈബൽ സ്‌കൂൾ ഹോസ്റ്റൽ, തെങ്കര ജി.എച്ച്.എസ്.എസ്, പറക്കുളം എം.ആർ.എസ് ഹോസ്റ്റൽ, കൊപ്പം ജി.വി.എച്ച്.എസ്.എസ്, മേഴത്തൂർ ജി.എച്ച്.എസ് എസ്, കടമ്പൂർ ജി.എച്ച്.എസ്.എസ്, ചളവറ സ്‌കൂൾ എന്നിവിടങ്ങളിലെ രോഗികളെയാണ് മാറ്റിയത്. ഈ സ്കൂൾ കെട്ടിടങ്ങൾ അണുനശീകരണം നടത്തും.
പെരുവമ്പ് സി.എ സ്‌കൂൾ, പെരുമാട്ടി എച്ച്.എസ്, കല്ലടി എച്ച്.എസ്.എസ്, അനങ്ങനടി എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നിലവിൽ രോഗികളെ പ്രവേശിപ്പിച്ചിരുന്നില്ല.