ksrtc

പാലക്കാട്: സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിച്ചതിനെ പിന്നാലെ കെ.എസ്.ആർ.ടി.സി സർവീസുകൾ പൂർവസ്ഥിതിയിലേക്ക്. ജില്ലയിൽ ഇന്നലെ മുതൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസുകൾ ആരംഭിച്ചു. തിങ്കളാഴ്ച പാലക്കാട് ഡിപ്പോയിൽ നിന്ന് മൂന്ന് ബോണ്ട് സർവീസുകൾ ഉൾപ്പെടെ 48ഉം ചിറ്റൂരിൽ നിന്ന് 24, വടക്കഞ്ചേരിയിൽ നിന്ന് 20, മണ്ണാർക്കാട്ടുനിന്ന് 17, സർവിസുകളുണ്ടായിരുന്നു.

പാലക്കാട് നിന്ന് തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ഗുരുവായൂർ, വാളയാർ, ഗോപാലപുരം, മലമ്പുഴ, കുറ്റിപ്പുറം എന്നിവിടങ്ങളിലേക്കായാണ് 48 സർവീസ് നടത്തിയത്. ഇതിൽ കൂടുതലും കോഴിക്കോട് ഭാഗത്തേക്കായിരുന്നു 17 എണ്ണം. ചിറ്റൂരിൽ നിന്ന് കോട്ടയം, മീനാക്ഷിപുരം, തൃശൂർ, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, കോഴിക്കോട്, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിലേക്കായാണ് 24 സർവീസുകൾ നടത്തിയത്. കൂടുതൽ ബസുകൾ നിരത്തിലിറങ്ങിയതോടെ പാലക്കാട് - തൃശൂർ, പാലക്കാട് - ഗുരുവായൂർ, പാലക്കാട് - കോഴിക്കോട് സെക്ടറുകളിൽ അരമണിക്കൂർ കൂടുേമ്പാൾ സർവീസ് ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. സമ്പൂർണ ലോക്ക് ഡൗണായതിനാൽ ശനി, ഞായർ ദിവസങ്ങളിൽ സർവീസുകൾ ഉണ്ടായിരിക്കില്ല. കൊവിഡ് മാനദണ്ഡ പ്രകാരം യാത്രക്കാരെ നിന്ന് യാത്രചെയ്യാൻ അനുവദിക്കാതെയാണ് സർവീസ് നടത്തുന്നത്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് വരും ദിവസങ്ങളിൽ സർവീസുകൾ ക്രമീകരിക്കുമെന്ന് എ.ടി.ഒ ടി.എ.ഉബൈദ്‌ വ്യക്തമാക്കി.

 അന്തർ സംസ്ഥാന ഓട്ടം വൈകും

തമിഴ്നാട്ടിൽ ലോക്ക് ഡൗൺ ഈമാസം 28വരെ നീട്ടിയതിനാൽ കോയമ്പത്തൂർ, പൊള്ളാച്ചി ബസ് സർവിസുകൾ പുനരാരാംഭിക്കൽ ഇനിയും വൈകും. വാളയാർ അതിർത്തിവരെ നിലവിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്തുന്നുണ്ട്.

കാൽ നടയായി അതിർത്തികടന്നാൽ പക്ഷേ, മറ്റ് ഗതാഗത സംവിധാനങ്ങളൊന്നും ഇല്ലെന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ബസ് സർവീസുകളില്ലെങ്കിലും ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവിസുകൾ പുനരാരംഭിച്ചിട്ടുണ്ട്. കർണാടകയിലേക്കും ട്രെയിനുകൾ ഓടിത്തുടങ്ങിയെങ്കിലും ബസ് സർവീസ് മുടങ്ങിക്കിടക്കുകയാണ്. ഈ വിഷയത്തിൽ സംസ്ഥാന തലത്തിൽ തീരുമാനം വരുംവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.