cr

പാലക്കാട്: രാമനാട്ടുകരയിലെ അപകടം സംബന്ധിച്ച് ദുരൂഹതകളും മരിച്ചവർക്കും കസ്റ്റഡിയിലുള്ളവർക്കുമെതിരെ ക്രിമിനൽ പശ്ചാത്തലം ആരോപിക്കപ്പെടുന്ന സാഹചര്യവും കണക്കിലെടുത്ത് വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. മണ്ണാർക്കാട് ഡിവൈ.എസ്.പി ഇ.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. അപകടത്തിൽ മരിച്ച അഞ്ചുപേരെയും അവരുടെ സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനം.
മരിച്ച താഹിർഷായ്ക്കെതിരെ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ കവർച്ച കേസും കൊപ്പം സ്റ്റേഷൻ പരിധിയിൽ വീട് കയറി ആക്രമിച്ച കേസും നിലവിലുണ്ട്. മരിച്ച ഹുസൈനാർ, മുഹമ്മദ് ഷഹീർ എന്നിവർ പട്ടാമ്പി സ്റ്റേഷൻ പരിധിയിലെ അടിപിടി കേസുകളിൽ പ്രതിയായിരുന്നു. നാസറും അടിപിടി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഈ കേസുകളിലുണ്ടായിരുന്ന മറ്റുള്ളവരെ കുറിച്ചും പരിശോധനയുണ്ടാകും. വ്യത്യസ്ത പഞ്ചായത്തുകളിലുള്ള ആളുകൾ സംഘടിച്ചതെങ്ങിനെ, ആരാണ് നേതൃത്വം നൽകിയത് എന്നീകാര്യങ്ങളും പൊലീസ് അന്വേഷിക്കും.