delta

പാലക്കാട്: കൊവിഡ് വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ള ഡെൽറ്റ പോസിറ്റീവ് വൈറസ് സ്ഥിരീകരിച്ച പറളി, പിരായിരി ഗ്രാമപഞ്ചായത്തുകൾ ഇന്നുമുതൽ ഏഴ് ദിവസത്തേക്ക് പൂർണമായും അടച്ചിടാൻ ജില്ലാ കളക്ടർ മൃൺമയി ജോഷി ഉത്തരവിട്ടു. ന്യൂഡൽഹിയിലെ കൗൺസിൽ ഫോർ സയന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ജീനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിൽ നടത്തിയ ജനിതക (ജീനോമിക്) പഠനത്തിലാണ് ഏപ്രിൽ, മെയ് മാസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ സ്രവത്തിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയത്.

ഈ രോഗികളും ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന എല്ലാവരും നിലവിൽ രോഗമുക്തി നേടിയിട്ടുണ്ട്. രോഗവ്യാപന ശേഷി കൂടുതലുള്ള വകഭേദം മൂലം നിലവിൽ ഭീതിജനകമായ അന്തരീക്ഷം ഇല്ലെങ്കിലും ജനങ്ങൾ കൂടുതൽ ജാഗ്രത സ്വീകരിക്കേണ്ടതിന്റെ ഭാഗമായാണ് പറളി, പിരായിരി പഞ്ചായത്തുകൾ അടച്ചിടുന്നത്. പൊതുജനങ്ങൾ ഒത്തുചേരുന്ന സാഹചര്യങ്ങൾ കുറയ്ക്കണം, സാമൂഹിക അകലം, മാസ്‌ക് ധരിക്കൽ മുതലായ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ, പഞ്ചായത്ത് അധികൃതർ എന്നിവർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് അതിർത്തികൾ അടച്ചിടുന്നതിനും, പൊതുജന സഞ്ചാരം, വാഹന ഗതാഗതം നിയന്ത്രിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണം. കൂടാതെ ഒരു എൻട്രി, ഒരു എക്‌സിറ്റ് എന്ന രീതിയിലുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തി മറ്റു വഴികൾ അടച്ചിടാൻ സംയുക്തമായി നടപടികൾ സ്വീകരിക്കണം. ഈ പഞ്ചായത്തുകളിൽ ആഹാര സാധനങ്ങൾ വിൽക്കുന്ന കടകൾ, റേഷൻ കടകൾ, പലചരക്ക് കടകൾ, പാൽ പാലുൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ, പഴം പച്ചക്കറി വിൽക്കുന്ന കടകൾ, മീൻ ഇറച്ചി കടകൾ, മൃഗങ്ങൾക്കും പക്ഷികൾക്കുമുള്ള തീറ്റ വിൽക്കുന്ന കടകൾ, ബേക്കറികൾ എന്നിവയ്ക്ക് രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രം തുറന്നു പ്രവർത്തിക്കാം. ഹോം ഡെലിവറിമാത്രമേ അനുവദിക്കുകയുള്ളു.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ രാവിലെ ഏഴുമുതൽ രാത്രി 7.30വരെ ഹോം ഡെലിവറി മാത്രം അനുവദിച്ച് തുറക്കാവുന്നതാണ്. പൊതുജനങ്ങൾക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങൾ എന്നിവ എത്തിച്ചു നൽകുന്നതിന് ആർ.ആർ.ടിമാർ, വളണ്ടിയർമാർ എന്നിവരുടെ സേവനം ഗ്രാമപഞ്ചായത്ത് അധികൃതർ ഉറപ്പാക്കുകയും ബന്ധപ്പെട്ട സജ്ജീകരണങ്ങൾ ഒരുക്കാനും കളക്ടർ നിർദേശിച്ചു.