s

പാലക്കാട്: ജില്ലയിൽ ഇത്തവണ പൊതുവിദ്യാലയങ്ങളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർദ്ധന. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി കഴിഞ്ഞ വർഷത്തേക്കാൾ 7299 വിദ്യാർത്ഥികളാണ് അധികമായി പ്രവേശനം നേടിയത്. കഴിഞ്ഞ വർഷം ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി ആകെ 3,13,208 വിദ്യാർത്ഥികൾ പഠിച്ച സ്ഥാനത്ത് ഇത്തവണ 3,20,507 വിദ്യാർത്ഥികളാണുള്ളത്. മേയ് 19 മുതൽ ഇന്നലെ വരെയുള്ള കണക്കനുസരിച്ചാണിത്.

ഒന്നാം ക്ലാസിൽ മാത്രം 1579 കുട്ടികളുടെ വർദ്ധനവുണ്ടായി. 26,805 വിദ്യാർത്ഥികളാണ് ഇതുവരെ പ്രവേശനം നേടിയത്. കഴിഞ്ഞ വർഷമിത് 25,226 വിദ്യാർത്ഥികളായിരുന്നു. ഇതിനുപുറമെ എട്ട്, അഞ്ച് ക്ലാസുകളിലേക്കാണ് കൂടുതൽ വിദ്യാർത്ഥികൾ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് എത്തിയിട്ടുള്ളത്.

കൊവിഡ് പശ്ചാത്തലത്തിൽ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് ടി.സി ഇല്ലാതെ തന്നെ പ്രവേശനം നേടാം. കൂടാതെ ലോക്ക് ഡൗൺ നിയന്ത്രണം പൂർണമായി പിൻവലിക്കാത്തതിനാൽ ഒന്നാം ക്ലാസ് ഉൾപ്പെടെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം നേടിയ മിക്ക വിദ്യാർത്ഥികളും ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ നേരിട്ട് ഹാജരാക്കിയിട്ടില്ല. എല്ലാ വിദ്യാർത്ഥികളുടെയും രേഖകൾ ലഭിച്ച ശേഷമേ വിദ്യാർത്ഥികളുടെ വിവരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമ്പൂർണ സോഫ്‌റ്റ് വെയറിൽ അപ്‌ലോഡ് ചെയ്യൂ.

-എം.കെ.നൗഷാദ് അലി, സമഗ്രശിക്ഷ കേരളം, ജില്ലാ കോഓർഡിനേറ്റർ, പാലക്കാട്.