rahmath

വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ വീട്ടമ്മമാരുടെ മനസറിഞ്ഞ് പുസ്തക വായനയ്ക്ക് ഡബിൾ ബെല്ലടിക്കുകയാണ് കെ.റഹ്മത്ത്.

കണിയമംഗലം, പുത്തൻകുളമ്പ്, പടിഞ്ഞാറെപ്പാടം, മണിയൻചിറ, വക്കാല, ചെറുകുന്നം എന്നിവിടങ്ങളിലെ 314 വീട്ടമ്മമാർക്ക് വായിക്കാനുള്ള പുസ്തകങ്ങൾ വീട്ടിലെത്തിച്ച് കൊടുക്കുന്നത് റഹ്മത്താണ്.
1998ലാണ് ചെറുകുന്നം പുരോഗമന വായനശാല വീട്ടിൽ പുസ്തകമെത്തിക്കുന്ന പദ്ധതിക്ക് ഹരിശ്രീ കുറിക്കുന്നത്. അന്നത്തെ വായനശാല പ്രസിഡന്റ് സി.ടി.കൃഷ്ണന്റെയും സെക്രട്ടറി സി.എ.കൃഷ്ണന്റെയും നേതൃത്വത്തിൽ തുടക്കമിട്ട പദ്ധതി ഇന്നും മുടക്കമില്ലാതെ തുടരുന്നു. ലോക്ക് ഡൗണിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ പറ്റാതെ കഴിയുന്ന നിരവധി പേർക്ക് ആശ്വാസമാകുകയാണ് റഹ്മത്തിന്റെ സഞ്ചരിക്കുന്ന പുസ്തകശാല.

23 വർഷമായി വീടുകളിൽ പുസ്തമെത്തിച്ചു കൊടുത്ത് എല്ലാവരുടെയും പ്രിയപ്പെട്ട 'ബുക്ക് താത്ത"യായ റഹ്മത്ത് വായിച്ച പുസ്തകങ്ങളെ കുറിച്ച് വായനക്കാരുമായി അനുഭവം പങ്കുവയ്ക്കുകയും ചെയ്യും. നെഹ്രുവിന്റെ 'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ", ചങ്ങമ്പുഴയുടെ 'രമണൻ" തുടങ്ങിയവയാണ് ഇഷ്ട പുസ്തകങ്ങൾ. വായനശാലയുടെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് അക്ഷരസേന രൂപീകരിച്ച് കൂടുതൽ വീടുകളിലേയ്ക്ക് പുസ്തകമെത്തിച്ചു. പുതുതലമുറയ്ക്ക് ഇഷ്ടപ്പെട്ട ഡിജിറ്റൽ വായനയ്ക്കായി പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്തും നൽകുന്നുണ്ട്.