നെന്മാറ: മഴ സഹായിച്ചതിനോടൊപ്പം പോത്തുണ്ടി വെള്ളവും എത്തിയതോടെ പാടശേഖരങ്ങളിൽ ഞാറുനടീൽ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവന് കീഴിലെ പാടശേഖരങ്ങളിലാണ് നടീൽ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടിനിറുത്തി ഉഴുതുമറിച്ചാണ് കർഷകർ നടീൽ തുടങ്ങിയത്.
തൊഴിലാളി ക്ഷാമം മൂലം ഇത്തവണയും നടീലിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം, തിരുവഴിയാട് പാടശേഖരത്തിൽ കഴിഞ്ഞ ദിവസം നടീൽ പണികൾക്കെത്തിയത് പശ്ചിമ കൽക്കത്തയിൽ നിന്നുള്ള മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഞാറ്റടി പറിച്ച് നടീൽ നടത്തുന്നതിന് ഏക്കറിന് 4500 രൂപയാണ് കൂലിയെന്ന് കർഷകനായ ഇടശ്ശേരി പറമ്പ് കെ.ജയരാജൻ പറഞ്ഞു.
പൊടിവിതയിൽ കള പെരുകുമെന്ന പേടിയിലാണ് കർഷകർ ഞാറ്റടി തയ്യാറാക്കിയത്. കുറച്ച് ദിവസത്തെ മൂപ്പുകുറവുണ്ടെങ്കിലും ബംഗാളി തൊഴിലാളികൾ പണിക്കെത്തിയതോടെ നടീൽ നടത്തുകയായിരുന്നു.