obit

വടക്കഞ്ചേരി: ഭർതൃവീട്ടിൽവച്ച് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ മൊഴിയെടുത്തു. കിഴക്കഞ്ചേരി കാരപ്പാടം ശ്രീജിത്തിന്റെ ഭാര്യ ശ്രുതി (30)ആണ് കഴിഞ്ഞദിവസം തൃശൂർ മെഡിക്കൽ കോളേജിൽവച്ച് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് ശിവൻ വടക്കഞ്ചേരി പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് വടക്കഞ്ചേരി സി.ഐ വി.ടി.ഷാജന്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തത്.

ജൂൺ 18ന് പകൽ 3.30നാണ് ശ്രുതി വീടിനുള്ളിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു. മംഗലംഡാം ഒലിംകടവ് കുന്നത്ത് വീട്ടിൽ ശിവൻ മേരി ദമ്പതികളുടെ മകളാണ്. 12 വർഷം മുമ്പാണ് ശ്രുതിയും ശ്രീജിത്തും തമ്മിൽ വിവാഹം നടന്നത്. ശ്രീജിത്ത് ശ്രുതിയെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.

എന്നാൽ, മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഡോക്ടർമാർക്ക് ശ്രുതി നൽകിയ മൊഴിയിൽ അബദ്ധത്തിൽ പൊള്ളലേറ്റുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് പറയുന്നു. ഇവരുടെ മക്കളുടെ മൊഴിയും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. ശ്രുതിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മക്കളുടെ മൊഴി ചൈൽഡ് ലൈന്റെ സഹായത്തോടുകൂടി വീണ്ടും രേഖപ്പെടുത്തും. അതിനുശേഷം മാത്രമേ ശ്രീജിത്തിനെതിരെ കേസെടുക്കുന്നതിനെ കുറിച്ച് വ്യക്തമാകുകയുള്ളു എന്ന് പൊലീസ് പറഞ്ഞു.