വടക്കഞ്ചേരി: മകരക്കൊയ്ത്ത് കഴിഞ്ഞ് നെൽവയൽ വെറുതെയിടാൻ തെന്നിലാപുരം ബാലകൃഷ്ണന് മനസുവന്നില്ല. പുതിയ കൃഷി പരീക്ഷിക്കാമെന്ന ആലോചനയിൽ അരയേക്കറിൽ എള്ളുവിതച്ചു, നൂറുദിവസങ്ങൾക്കിപ്പുറം നൂറുമേനി വിജയംകൊയ്തതിന്റെ സന്തോഷത്തിലാണ് ഈ കർഷകൻ. അരയേക്കറിൽ നിന്ന് 50 കിലോയോളം എള്ളാണ് വിളവെടുത്തത്. 90 - 100 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിഞ്ഞു. നിലവിൽ എള്ളിന് പൊതുവിപണിയിൽ കിലോയ്ക്ക് 180 - 200 രൂപ വിലയുണ്ട്.
കായ്കൾ, ഇലകൾ എന്നിവ മഞ്ഞനിറമായി മാറുമ്പോൾ എള്ള് മൂത്ത് പാകമായതായി കണക്കാക്കാം. ചെടിയുടെ വേരുഭാഗം മുറിച്ച് കറ്റചുരുട്ടുകളാക്കി നാല് ദിവസം സൂക്ഷിച്ചു. ഇലകൾ പൊഴിഞ്ഞു തുടങ്ങുമ്പോൾ വടികൊണ്ട് അടിച്ച് പൊട്ടിച്ച് എള്ള് വിത്ത് വേർപെടുത്തിയെടുത്തു. വിത്ത് ഒരാഴ്ചയോളം വെയിലത്ത് ഉണക്കിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. നാടാൻ എള്ളിനായി ആവശ്യക്കാരും ഏറെയാണെന്ന് ബാലകൃഷ്ണൻ പറയുന്നു.
ഉഴുതുമറിച്ച പാടത്ത് ഒരുകിലോ കറുത്ത ഇനം വിത്താണ് വിതച്ചത്. വേനൽ കടുത്തതായിരുന്നെങ്കിലും ഇടവിട്ട് കിട്ടിയ മഴ എള്ള് കൃഷിക്ക് ഏറെ ഗുണം ചെയ്തു. സമയാസമയങ്ങളിൽ മഴ കിട്ടിയതോടെ എള്ള് ചെടി നന്നായി തഴച്ചുവളർന്നു. ഒന്നര മുതൽ രണ്ട് മീറ്റർ വരെ ഉയരത്തിലാണ് ചെടികൾ വളർന്നത്. നന്നായി കായ്ഫലവുമുണ്ടായതായും ബാലകൃഷ്ണൻ പറഞ്ഞു. കന്നുകാലികൾ തിന്നാത്തതിനാൽ വേലികെട്ടി സംരക്ഷിക്കേണ്ട ചെലവുമുണ്ടായില്ല. വളപ്രയോഗവും നടത്തിയിട്ടില്ല. ഒരേക്കറിൽ നിന്ന് 100 മുതൽ 200 വരെ കിലോ വിളവുണ്ടാകുമെന്നാണ് കൃഷിവിദഗ്ദരുടെ അഭിപ്രായം. എള്ളിന് ഔഷധഗുണം കൂടുതലാണ്. 'സെസാമം ഇൻഡിക്ക ' എന്നാണ് എള്ളിന്റെ ശാസ്ത്രീയനാമം.