c

പാലക്കാട്: ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായ വായ്പാ പദ്ധതി 'വിദ്യാ തരംഗിണി"ക്ക് ജില്ലയില്‍ തുടക്കമായി. സഹകരണ സംഘങ്ങളും ബാങ്കുകളുമായി സഹകരിച്ചുള്ള പദ്ധതിയിൽ‌ ജൂലായ് 31 വരെ പലിശരഹിത വായ്പയ്ക്കായി അപേക്ഷിക്കാം.

ഒരു വിദ്യാര്‍ത്ഥിക്ക് മൊബൈല്‍ ഫോണിന് 10,000 രൂപ വായ്പ നൽകും. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഡിജിറ്റല്‍ പഠനം സാദ്ധ്യമാകാതെ നിരവധി കുട്ടികൾ ബുദ്ധിമുട്ടുന്നുണ്ട്. ഇതിന് പരിഹാരമായാണ് പദ്ധതി ആവിഷ്‌കരിച്ചത്. സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രം സഹിതം അപേക്ഷിക്കണം. ബാങ്ക് മെമ്പറുടെ ജാമ്യവും വേണം.

ഒരു വര്‍ഷത്തിനുള്ളില്‍ തുക തിരിച്ചടയ്ക്കാം. ഇത്തരത്തില്‍ ആവശ്യമായ കുട്ടികള്‍ക്കെല്ലാം വായ്പ അനുവദിക്കും. ജില്ലയിലെ എല്ലാ സഹകരണ സ്ഥാപനങ്ങളും വായ്പ അനുവദിച്ചുള്ള അറിയിപ്പ് നല്‍കിത്തുടങ്ങി.

കുടുംബശ്രീയ്ക്ക് 50,000 രൂപ

കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാനുള്ള പദ്ധതി പ്രകാരം കുടുംബശ്രീയിലെ ഓരോ യൂണിറ്റിനും 50,000 രൂപ പലിശ രഹിത വായ്പ ലഭിക്കും. രണ്ടുവര്‍ഷം കൊണ്ട് തുല്യഗഡുക്കളായി തിരിച്ചടയ്ക്കണം. മറ്റൊരു നിബന്ധനയുമില്ലാതെയാണ് പണം അനുവദിക്കുക. കുടുംബശ്രീ യൂണിറ്റുകളിലെ സ്ത്രീകളുടെ മക്കളുടെ പഠനത്തിനോ പുറത്തുള്ളവര്‍ക്കോ പണം നല്‍കാം. അംഗങ്ങളല്ലാത്തവര്‍ക്ക് നല്‍കിയാലും തിരിച്ചടവിന്റെ പൂർണ ഉത്തരവാദിത്വം കുടുംബശ്രീ യൂണിറ്റുകള്‍ക്കാകും.