ചിറ്റൂർ: കേരള ഇറിഗേഷൻ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന് കീഴിൽ നിർമാണം പുരോഗമിക്കുന്ന കരടിപ്പാറ, മൂങ്കിൽമട സൂക്ഷ്മ ജലസേചന പദ്ധതികൾ പ്രതീക്ഷിച്ചതിലും നേരത്തേ പൂർത്തിയാക്കി കമ്മിഷൻ ചെയ്യും. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടിയുടെയും റോഷി അഗസ്റ്റിന്റെയും നിർദേശപ്രകാരം ജലവിഭവ വകുപ്പ് സെക്രട്ടറിയും കെ.ഐ.ഐ.ഡി.സി എം.ഡിയുമായ പ്രണബ് ജ്യോതിനാഥിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പദ്ധതികൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തി.
ജലവിഭവ വകുപ്പിന്റെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് കരടിപ്പാറ പദ്ധതി നടപ്പാക്കുന്നത്. 25 ലക്ഷം ചെലവാക്കി പമ്പ് ഹൗസും 2.6 കോടിക്ക് ജലസേചന യൂണിറ്റും സ്ഥാപിക്കുന്നതിനാണ് സാങ്കേതികാനുമതി. എരുത്തേമ്പതി പഞ്ചായത്തിലെ 171 ഏക്കർ നാളികേര കൃഷിക്ക് പ്രയോജനപ്പെടുന്ന പദ്ധതിയാണിത്. 250 ഏക്കർ ആയക്കെട്ട് ഭൂമിയിൽ മൂലത്തറ റെഗുലേറ്ററിൽ നിന്ന് ജലസേചനം നടത്താനുദേശിച്ചുള്ള പദ്ധതിയാണ് മൂങ്കിൽമട. റീബിൽഡ് കേരള ഇനിഷ്യേറ്റീവാണ് ഇതിനുള്ള ധനസഹായം അനുവദിച്ചിരിക്കുന്നത്. 5.51 കോടിയുടെ സാങ്കേതികാനുമതിയാണ് പദ്ധതിക്കുള്ളത്. രണ്ടു പദ്ധതികളും അടുത്ത വർഷം ഫെബ്രുവരിയിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും കരടിപ്പാറ പദ്ധതി ആഗസ്റ്റ് ആദ്യവും മൂങ്കിൽമട സെപ്തംബറിലും കമ്മിഷൻ ചെയ്യാനാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കിഫ്ബി സഹായത്തോടെ 19.84 കോടി ചെലവഴിച്ച് ചിറ്റൂർ പുഴയിൽ നിർമ്മിക്കുന്ന വടകരപ്പള്ളി റെഗുലേറ്ററും പ്രതീക്ഷിച്ച സമയത്ത് പൂർത്തിയാക്കും. 2022 ജൂലായിൽ കമ്മിഷൻ ചെയ്യാനാകും വിധമാണ് നിർമ്മാണം പുരോഗമിക്കുന്നത്. കേരള അക്കാദമി ഫോർ സ്‌കിൽ എക്സലൻസിന്റെ ധനസഹായത്തോടെ രാജ്യാന്തര നിലവാരത്തിൽ നവീകരിക്കുന്ന മലമ്പുഴ ഐ.ടി.ഐയുടെ ജോലികളും സംഘം വിലയിരുത്തി. 13.47 കോടിയാണ് ഇതിനായി അനുവദിച്ചത്. 2022 മാർച്ചിൽ ഇത് പൂർത്തിയാക്കാനാകുമെന്നാണ് വിലയിരുത്തൽ.
കെ.ഐ.ഐ.ഡി.സി സി.ഇ.ഒ എസ്.തിലകൻ, ചീഫ് എൻജിനീയർ ടെറൻസ് ആന്റണി, ജനറൽ മാനേജർ സുധീർ പടിക്കൽ, ഡി.ജി.എം ജമാലുദീൻ എന്നിവരും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു.