toody

വടക്കഞ്ചേരി: അണക്കപ്പാറയിൽ വ്യാജ കള്ള് നിർമ്മിക്കാനായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ പ്രധാന പ്രതിയായ സോമൻ നായർക്കായി എറണാകുളം ജില്ലയിൽ അന്വേഷണം വ്യാപിപ്പിച്ച് എക്‌സൈസ് എൻഫോഴ്സ്മെന്റ് സംഘം. കഴിഞ്ഞ വർഷം ചാലക്കുടിയിൽ നിന്ന് അണക്കപ്പാറയിലെത്തിയ സ്പിരിറ്റ് ലോഡ് തവിടാക്കി മാറ്റി കേസ് തേച്ച് മായ്ച്ച് കളഞ്ഞ സംഭവവും അന്വേഷിക്കും.

വ്യാജ കള്ള് ഉല്പാദന കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്നാണ് എൻഫോഴ്സ്‌മെന്റിന്റെ വിലയിരുത്തൽ.

കോതമംഗലം സ്വദേശിയായ സോമൻ നായർ 40 വർഷമായി അബ്കാരി രംഗത്ത് സജീവമാണ്. ആലത്തൂർ, കുഴൽമന്ദം റേഞ്ചുകളിൽ ബിനാമി പേരിൽ 30 ഷാപ്പുകൾ നടത്തുന്നുണ്ടെന്നാണ് സൂചന. കഴിഞ്ഞ ദിവസം വരെ ഇയാൾ അണക്കപ്പാറയിൽ ഉണ്ടായിരുന്നതായും പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള സ്പിരിറ്റ് ലോബിയുടെ നേതാവാണെന്നും വിവരം ലഭിച്ചിട്ടുണ്ട്.

വകുപ്പിൽ ഇയാൾക്ക് ശക്തമായ സ്വാധീനമുള്ളതിനാലാണ് ജില്ലാ എക്‌സൈസ് സംഘത്തെ മറികടന്ന് സംസ്ഥാന എൻഫോഴ്സ്‌മെന്റ് വിഭാഗം പരിശോധനക്കെത്തിയത്. കള്ള് ഗോഡൗണെന്ന മറവിലായിരുന്നു വർഷങ്ങളായി ഇൗ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. എൻഫോഴ്സ്‌മെന്റ് സംഘത്തെയും സ്വാധീനിക്കാമെന്ന ധാരണയിലാണ് റെയ്ഡിനെത്തിയപ്പോൾ പത്തുലക്ഷം രൂപ ഓഫർ ചെയ്തത്.

താഴെത്തട്ടിലുള്ള എക്‌സൈസ് ജീവനക്കാർക്ക് മാസപ്പടി കൊടുത്തതായും വിവരം ലഭിച്ചിട്ടുണ്ട്. എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പരിശോധനയ്ക്ക് വരുന്നതിന് രണ്ടുദിവസം മുമ്പും ആലത്തൂർ റേഞ്ചിലെ ജീവനക്കാർ ഗോഡൗണിൽ വന്നതായി പരിസരവാസികൾ പറയുന്നു. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഏഴുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.