klnkde
ഊട്ടറ റെയിൽവേ മേല്പാലം പദ്ധതി പ്രദേശം പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥ സംഘത്തോട് ആശങ്ക അറിയിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈനും നാട്ടുകാരും.

അലെയ്‌മെന്റ് മാറ്റണമെന്ന് പരിസരവാസികൾ

കൊല്ലങ്കോട്: ഗായത്രിപ്പുഴയ്ക്ക് കുറുകെയുള്ള കാലപ്പഴക്കമേറിയ ഊട്ടറ പാലം പുനർനിർമ്മിക്കുന്നതിനും റെയിൽവേ മേല്പാലം യാഥാർത്ഥ്യമാക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായി വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചു. കിഫ്ബി വഴി 20 കോടി വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.

കാലപ്പഴക്കത്താൽ വാഹനം കടന്നുപോകുമ്പോൾ കുലുങ്ങിയും വിള്ളൽ വന്നും ജീർണാവസ്ഥയിലാണ് പുഴപ്പാലം. നിലവിലെ പാലത്തിന് പടിഞ്ഞാറ് 11.05 മീറ്റർ വീതിയിലും 190.587 മീറ്റർ നീളത്തിലും നടപ്പാതയോടെയാണ് പുതിയ പാലം നിർമ്മിക്കുന്നത്. പാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നാല് പതിറ്റാണ്ടായുള്ള ആവശ്യമാണ് ഊട്ടറ റെയിൽവേ മേൽപ്പാലം. 447.371 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലുമാണ് മേല്പാലം വിഭാവനം ചെയ്യുന്നത്.

ഡെപ്യൂട്ടി കലക്ടർ പി.രാജൻ,​ ഡെപ്യൂട്ടി തഹസിൽദാർ എം.വി.മാത്യു,​ കിഫ്ബി സ്പെഷൽ തഹസിൽദാർ എം.എസ്.വിജുകുമാർ,​ സൈറ്റ് എൻജിനീയർ ഇ.എ.ആഷിദ്,​ കിറ്റ്‌കോ പ്രൊജക്ട എൻജിനീയർ നിഥിൻ യാക്കൂബ്,​ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

ആശങ്കയോടെ പരിസരവാസികൾ


മേല്പാലം നിർമ്മിക്കുമ്പോൾ പത്തോളം വീടുകളും വ്യാപാര സ്ഥാപനങ്ങളും അടങ്ങുന്ന സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നതിൽ പരിസര വാസികൾക്ക് ആശങ്ക. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ വീട്ടുടമസ്ഥരും പഞ്ചായത്ത് പ്രസിഡന്റും രംഗത്തെത്തി. പഞ്ചായത്തിന് ഇതേപറ്റി അറിയിച്ചില്ലെന്ന് പ്രസിഡന്റ് കെ.എസ്.സക്കീർ ഹുസൈൻ പറഞ്ഞു. സർവേ നടത്തി അടയാള കല്ലിടുമ്പോൾ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് നടപടി പൂർത്തിയാക്കിയതെന്നും ആരോപണമുയർന്നു.