taskforce

പാലക്കാട്: നിർദ്ധനരായ കൊവിഡ് രോഗികൾക്ക് കൈത്താങ്ങായ ഇ.എം.എസ് ടാസ്‌ക് ഫോഴ്‌സിന്റെ വിശ്രമമില്ലാത്ത പ്രവർത്തനം നൂറുദിനം പിന്നിടുന്നു. സി.പി.എം ഏരിയ കമ്മിറ്റി അംഗവും വലിയങ്ങാടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ അബ്ദുൾ ഷുക്കൂറും സുഹൃത്തുക്കളായ മുഹമ്മദ് റാസിഖ്, അബ്ദുൾ നാസർ, അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന സംഘത്തിന്റെ പ്രവർത്തനം കൊവിഡ് രണ്ടാംതരംഗത്തിന്റെ ആദ്യനാളുകളിലാണ് ആരംഭിക്കുന്നത്.

രോഗികൾക്ക് ആവശ്യമായ ആംബുലൻസ് സേവനം, മരുന്ന്, ഭക്ഷണം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംഘം സൗജന്യമായി നൽകും. സി.പി.എം പാലക്കാട് ഏരിയ കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ഇ.എം.എസ് ജനസേവന കേന്ദ്രത്തിന്റെ ആംബുലൻസ് ടാസ്‌ക് ഫോഴ്‌സ് സംഘത്തിന് വിട്ടു നൽകുകയായിരുന്നു. ജില്ലയുടെ ഏതു പ്രദേശത്തെയും നിർദ്ധനരായ രോഗികൾ ആംബുലൻസ് ആവശ്യപ്പെട്ടാൽ ഈ നൽവർ സംഘമെത്തും. രോഗികളെ ആശുപത്രിയിലേക്കും തിരിച്ച് വീട്ടിലും എത്തിക്കും. അബ്ദുൾ ഷുക്കൂറാണ് ആംബുലൻസിന്റെ വളയം പിടിക്കുന്നത്. രോഗികളും, നിരീക്ഷണത്തിൽ കഴിയുന്നവരും ആവശ്യപ്പെടുന്ന മരുന്നുകൾ വീട്ടിലെത്തിക്കുത് മുഹമ്മദ് റാസിക്കാണ്. ഇതുകൂടാതെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ശ്മാനത്തിലെത്തിച്ച് അന്ത്യകർമ്മങ്ങൾ ചെയ്ത് സംസ്കരിക്കാനും ഇവർ മുന്നിലുണ്ട്.


 സേവനത്തിന് വിളിക്കാം

1.അബ്ദുൾ ഷുക്കൂർ: 9745246466.

2.മുഹമ്മദ് റാസിഖ്: 9037830207.

3.അബ്ദുൾ നാസർ: 8590274448.

4.അബ്ദുൾ ഹക്കീം: 9037867010.


കൊവിഡ് രോഗികൾക്കുള്ള സേവന പ്രവർത്തനങ്ങൾക്കു പുറമെ തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഒരു നേരത്തെ പൊതിച്ചോറും നൽകുന്നുണ്ട്. കൊവിഡ് രോഗികളുടെ വീടുകൾ അണുനശീകരണവും ചെയ്തുകൊടുക്കും. ഒട്ടേറെ സന്മനസുകളുടെ സഹായത്തോടെയാണ് ഇ.എം.എസ് ടാസ്‌ക് ഫോഴ്‌സ് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായി പിൻവലിക്കുന്നതുവരെ ഇത് തുടരും.

അബ്ദുൾ ഷുക്കൂർ, ഇ.എം.എസ് ടാസ്‌ക് ഫോഴ്‌സ് അംഗം.