railway
പാലക്കാട് ഡിവിഷൻ വികസിപ്പിച്ച ഓട്ടോമേറ്റഡ് ഗ്രീസിംഗ് മെഷീൻ

 ഓട്ടോമേറ്റഡ് ഗ്രീസിംഗ് മെഷീൻ വികസിപ്പിച്ച് പാലക്കാട് ഡിവിഷൻ

പാലക്കാട്: ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന്റെ കീഴിലുള്ള സ്‌മോൾ ട്രാക്ക് മെഷീൻ യൂണിറ്റ് റെയിലുകളുടെ ഗേജ്‌ഫേസ് ഗ്രീസിംഗ് വേഗത്തിലാക്കാനുള്ള യന്ത്രം വികസിപ്പിച്ചെടുത്തു. പാളങ്ങളുടെ ഗേജ്‌ഫേസിൽ ഗ്രീസിടുന്നതുമൂലം പാളത്തിനും ട്രെയിൻ ചക്രങ്ങൾക്കുമിടയിലുള്ള ഘർഷണം കുറയുകയും തേയ്മാനം കുറയുകയും ചെയ്യും. ഇത് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറച്ച് സുരക്ഷിതമായ റെയിൽ ഗതാഗതം ഉറപ്പാക്കും. ഒപ്പം ഇന്ധനക്ഷമത വർദ്ധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

മുൻകാലങ്ങളിൽ ട്രാക്ക് മെയിന്റെയ്‌നർമാർ ബ്രഷ് ഉപയോഗിച്ചാണ് ഗ്രീസിംഗ് ചെയ്തിരുന്നത്. വളരെയധികം സമയവും മനുഷ്യാദ്ധ്വാനവും ആവശ്യമാണ്. ട്രെയിൻ സർവീസുകൾക്കിടെയിൽ ലഭിക്കുന്ന ഒഴിവുസമയത്തിലായിരുന്നു ഈ ജോലികൾ ചെയ്തിരുന്നത്. സ്‌മോൾ ട്രാക്ക് മെഷീൻ യൂണിറ്റിലൂടെ കുറഞ്ഞസമയത്തിൽ കുടുതൽ ദൂരത്തിൽ വളവുകളിലും പാളം മാറുന്ന ഇടങ്ങളിലും ഉൾപ്പെടെ ഫലപ്രദമായി ഗ്രീസിടാം. റെയിലിന്റെ മുകളിലൂടെ അനായാസം ഉരുട്ടി കൊണ്ട് പോകാവുന്ന രീതിയിലാണ് ഇത് രുപകല്പന ചെയ്തിട്ടുള്ളത്. മെഷീനിൽനിന്നു ഒരു സ്‌പ്രെഡറിലൂടെ ഗ്രീസ് റെയിലിന്റെ ഗേജ് ഫേസിലേക്കു സ്‌പ്രേ ചെയ്യുന്ന രീതിയിലാണ് പ്രവർത്തനം. ഒരാൾക്ക് കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്നതും ഭാരം കുറഞ്ഞതുമാണ്. മോട്ടോറും, ബാറ്ററിയും ഉൾപ്പെടെ വിപണിയിൽ ലഭ്യമായ ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച മെഷീന്റെ ചിലവ് 5,000 രൂപയാണ്.

 പ്രവർത്തനരീതി

10 കിലോ ഗ്രീസ് ഉൾകൊള്ളാൻ ശേഷിയുള്ള ഒരു കണ്ടെയ്‌നർ മെഷീനിൽ ഉറപ്പിച്ചിട്ടുണ്ട്.12 കെ.വി ബാറ്ററികൊണ്ട് ഈ കണ്ടെയ്‌നറിലുള്ള പിസ്റ്റൺ പ്രവർത്തിപ്പിക്കും. ഒരു ഹോസിലൂടെ ഗ്രീസ് റെയിലിന്റെ ഗേജ് ഫേസിൽ ഏകദേശം15 എംഎം താഴെ ഒരു സ്‌പ്രെഡറിന്റെ സഹായത്തോടെ സ്‌പ്രേ ചെയ്യുന്നു. ഉപയോഗത്തിൽ ഇല്ലാത്തപ്പോൾ ഈ സ്‌പ്രെഡർ ഉയർത്തി വയ്ക്കാനും സാധിക്കും. മെഷിന്റെ വേഗത നിയന്ത്രിച്ച് സ്‌പ്രേ ചെയ്യുന്ന ഗ്രീസിന്റെ അളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യാം. ഗ്രീസിന്റെ ഉൾപ്പടെ മെഷിന്റെ ആകെ ഭാരം 25കിലോയിൽ താഴെ മാത്രം.