തണ്ണിത്തോട്: ലോക്ഡൗൺ സമയത്ത് മലയോര മേഖലയിലെ കർഷകർക്ക് തങ്ങളുടെ കാർഷിക വിഭവങ്ങൾ വിറ്റഴിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഇവ വാങ്ങുന്നതിനും വിൽക്കുന്നതിനുമായി നവ മാദ്ധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ നാട്ടുചന്ത കിസാൻ ജീപ്പെത്തുന്നു. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നാട്ടുചന്ത എന്ന പേരിൽ പഴയ ബാർട്ടർ സമ്പ്രദായത്തിന്റെ പുനരാവിഷ്‌ക്കരണം നടത്തിയത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. ഇതിന് നേതൃത്വം നൽകുന്നത് കോന്നി ബ്ലോക്ക് പഞ്ചായത്തംഗം പ്രവീൺ പ്ലാവിളയിലാണ്.
മരച്ചീനി, കൈതച്ചക്ക, ചേമ്പ്, കാച്ചിൽ, ചേന, മംഗോസ്റ്റിൻ, വാഴക്കുലകൾ , മാങ്ങാ, റംബൂട്ടാൻ , കോഴിമുട്ട, പച്ചക്കറികൾ തുടങ്ങി എല്ലാകാർഷിക വിഭവങ്ങളും ഇതിലൂടെ വിൽക്കാനും വാങ്ങാനും കർഷകർക്ക് അവസരം ലഭിക്കും. മരച്ചീനിക്കും കൈതചക്കയ്ക്കുമുണ്ടായ വിലയിടിവിൽ കർഷകർ ബുദ്ധിമുട്ടുകയാണിപ്പോൾ. കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുബും കുളം ഡിവിഷനിലെ , എലിമുള്ളംപ്ലാക്കൽ, അതുമ്പുംകുളം, കൊന്നപ്പാറ, കുമ്മണ്ണൂർ, ഐരവൺ, കൊക്കാത്തോട് തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരുടെ ഉൽപ്പന്നങ്ങളാണ് പ്രധാനമായും ശേഖരിച്ച് വിൽപ്പന നടത്തുന്നത്. കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കിസാൻ ജീപ്പിനെ വിളിക്കാൻ കർഷകർക്ക് കഴിയും. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് നടത്തിയ ബാർട്ടർ ചന്തയിൽ നിന്നും പ്രചോദമുൾക്കൊണ്ട നവമാദ്ധ്യമ കൂട്ടായ്മയിലൂടെയാണ് കിസാൻ ജീപ്പെന്ന ആശയം പിറവിയെടുത്തത്. മുൻപ് പ്രവീണിന്റെ നേത്യത്വത്തിൽ നടത്തിയ മംഗോസ്റ്റിന് ഫെസ്റ്റും, പൈനാപ്പിൾ ചലഞ്ചും കാർഷിക മേഖലയിൽ ഏറെ ജനശ്രദ്ധ നേടിയിരുന്നു. വരും ദിവസങ്ങളിൽ കിസാൻ ജീപ്പും മലയോരഗ്രാമങ്ങളിലെത്തും.
----
മലയോര മേഖലയിലെ കർഷകർക്ക് തങ്ങളുടെ കാർഷീക ഉത്പന്നങ്ങൾ വിറ്റഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പ്രവീൺ പ്ലാവിളയിൽ
കോന്നി ബ്ലോക്ക് പഞ്ചായത്തംഗം
----
മരച്ചീനി മുതൽ കോഴിമുട്ട വരെ