konni
konni

കോന്നി : ആനത്താവളത്തിൽ ഏഴ് മാസത്തിനിടെ മൂന്ന് ആനകൾ ചരിഞ്ഞ സംഭവത്തിൽ വിദഗ്ദ്ധസംഘം അന്വേഷണം നടത്തും. ചീഫ് ഫോറസ്​റ്റ് കൺസർവേ​റ്ററുടെ മേൽനോട്ടത്തിൽ കോട്ടൂർ, കോടനാട് ആനക്കളരികളിലെ ഡോക്ടർമാരും ആനചികിത്സാ വിദഗ്ദ്ധരും ഉൾപ്പെട്ട സംഘമായിരിക്കും വനംവകുപ്പിന് പുറമെ സമാന്തര അന്വേഷണം നടത്തുക. ആവശ്യമെങ്കിൽ തമിഴ്‌നാട് മുതുമല ആനവളർത്തൽ സങ്കേതത്തിലെ വിദഗ്ദ്ധരുടെ സഹായവും തേടും. കോന്നി ആനത്താവളത്തിലെ താപ്പാന മണിയൻ, കുട്ടിയാനകളായ പിഞ്ചു, മണികണ്ഠൻ എന്നിവയാണ് മാസങ്ങളുടെ വ്യത്യാസത്തിൽ ചരിഞ്ഞത്. 75 വയസുള്ള മണിയന് എരണ്ടക്കെട്ടും നാലുവയസുകാരൻ പിഞ്ചുവിന് ഹെർപ്പിസ് രോഗവുമായിരുന്നു. കഴിഞ്ഞ ദിവസം ചരിഞ്ഞ ആറുമാസം പ്രായമുള്ള മണികണ്ഠന് ഉദരസംബന്ധമായ അസുഖമായിരുന്നെന്നാണ് ആനത്താവളം അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുമില്ല. വഴിക്കടവ് വനപാലകർ മണികണ്ഠനെ രണ്ട് മാസം പരിചരിച്ചെങ്കിലും കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. കോന്നിയിൽ എത്തിച്ച് ഒരു മാസമായപ്പോൾ ചരിയുകയായിരുന്നു. ചികിത്സാ പിഴവും അശാസ്ത്രീയ പരിചരണവുമാണ് മൂന്ന് ആനകളും ചരിയാൻ കാരണമെന്ന് ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്താൻ വനം വകുപ്പ് തീരുമാനിച്ചത്. വനം വകുപ്പ് ആനത്താവളം അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ശേഷിക്കുന്നത് അഞ്ചാനകൾ

ആനത്താവളത്തിൽ ഇനിയും ശേഷിക്കുന്ന് അഞ്ച് ആനകൾ മാത്രമാണ്. നീലകണ്ഠനും കുട്ടികൊമ്പൻ കൃഷ്ണയും പിടിയാനകളായ പ്രിയദർശിനിയും ഈവയും മീനുവും മാത്രം. നിലവിൽ ഏഴ് ആനകൾ ഉണ്ടായിരുന്നു. കോന്നി സുരേന്ദ്രനെ കുങ്കി പരിശീലനത്ത് തമിഴ്‌നാട്ടിലെ മുതുമലയിൽ കൊണ്ടുപോയ ശേഷം കേരളത്തിൽ തിരികെ എത്തിച്ചെങ്കിലും കോന്നിയിൽ കൊണ്ടുവന്നിട്ടില്ല.

ഇക്കോ ടൂറിസത്തെ ബാധിച്ചേക്കും

ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ആനത്താവളം കാണാൻ വിദേശികൾ ഉൾപ്പടെ നിവരധി സഞ്ചാരികളാണ് കോന്നിയിൽ എത്തിയിരുന്നത്. ആനകളെ അടുത്തറിയാനും ആന സവാരിയ്ക്കും ഇവിടെ സൗകര്യം ഉണ്ടായിരുന്നു. കേരളത്തിലെ ഒരേയൊരു ആന മ്യൂസിയവും ഇവിടെയാണ്. എന്നാൽ ആനകളുടെ എണ്ണം കുറഞ്ഞതോടെ കോന്നി ഇക്കോ ടൂറിസം പ്രതിസന്ധിയിലാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. തലയെടുപ്പിന്റെ പ്രതീകമായിരുന്ന 20 വയസുകാരൻ കോന്നി സുരേന്ദ്രനും കുസൃതിക്കുറുമ്പുകാട്ടി സഞ്ചാരികളുടെ മനം കവർന്നിരുന്ന നാലുവയസുകാരൻ പിഞ്ചുവുമായിരുന്നു ഇവിടുത്തെ പ്രധാന താരങ്ങൾ. ചരിഞ്ഞ മണികണ്ഠൻ എത്തിയത് കഴിഞ്ഞ മാസമാണ്. കുട്ടികൊമ്പൻ കൃഷ്ണമാത്രമാണ് ഇനിയുള്ള ആകർഷണീയത.

ആനക്കൂട് കാലിയായി

കുട്ടിക്കൊമ്പൻ മണികണ്ഠന്റെ മരണത്തോടെ കോന്നി ആനക്കൂട് വീണ്ടും കാലിയായി. പിഞ്ചുമാത്രമാണ് വർഷങ്ങളായി ആനക്കൂട്ടിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പിഞ്ചു ചരിഞ്ഞതോടെ അടച്ച കൂട് കഴിഞ്ഞ മാസം എത്തിയ മണികണ്ഠന് വേണ്ടിയാണ് വീണ്ടും തുറന്നത്. മണികണ്ഠനും ചരിഞ്ഞതോടെ കൂട് വീണ്ടും കാലിയായി. മ​റ്റുള്ള ആനകളെ ആനത്താവളത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരിക്കുന്നത്.