റാന്നി : നിയോജക മണ്ഡലത്തിലെ കൈവശ കർഷകർക്ക് പട്ടയം നൽകുന്നതിന് അഡ്വ.പ്രമോദ് നാരായണൻ എം.എ.എ റവന്യൂ മന്ത്രി കെ.രാജനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കിഴക്കൻ മേഖലയിൽ കുടിയേറി പാർത്ത് കൃഷിചെയ്തു വന്ന ആയിരക്കണക്കിന് കൈവശ കർഷകർക്കാണ് റാന്നി നിയോജക മണ്ഡലത്തിൽ ഇനിയും പട്ടയം ലഭിക്കാനുള്ളത്. എല്ലാവരും അൻപതും അതിലധികവും വർഷങ്ങളായി ഇവിടെ സ്ഥിര താമസമാക്കിയവരും അവരുടെ അടുത്ത തലമുറകളുമാണ്. ചെലർക്കാകട്ടെ ലഭിച്ചത് ഉപാധികളോടെയുള്ള പട്ടണമാണ്. ഇത്തരക്കാർക്ക് സ്വന്തം ഭൂമിയിൽ നട്ടുവളർത്തിയ മരങ്ങൾ മുറിക്കാനോ മക്കളുടെ വിവാഹം ഉൾപ്പെടെയുള്ള അടിയന്തരാവശ്യങ്ങൾക്ക് വസ്തു ബാങ്കിൽ പണയം വെച്ച് ലോൺ എടുക്കാനോ കഴിയില്ല. അറയാഞ്ഞിലിമൺ, കിസുമം, കുരുമ്പൻമൂഴി, മണക്കയം, അടിച്ചിപ്പുഴ, ചൊള്ളനാവൽ വനം കൂടി , വേലംപ്ലാവ്, ബിമ്മരം, ഒരികല്ല്, പരുവ , തെക്കേ തൊട്ടി, കടുമീൻചിറ പെരുന്തേനരുവി, പെരുമ്പെട്ടി എന്നിവിടങ്ങളിൽ ആറിവാസി കോളനികളിൽ ഉൾപ്പെടെ പട്ടയം ലഭിക്കാനുണ്ട്. കൂടാതെ പമ്പാവാലിയിൽ ഉപാധികളോടെ ലഭിച്ച പടയങ്ങൾ ഉപാധിരഹിതമാക്കാനുണ്ട്. കർഷകരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് ഇവർക്ക് പട്ടയം നൽകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.