തിരുവല്ല: പ്രതിസന്ധികളെ അതിജീവിച്ച് ജില്ലയിൽ ഇത്തവണ കൊയ്തെടുത്തത് 11,595 ടൺ നെല്ല് . കൊവിഡും വെള്ളപ്പൊക്കവും കൃഷിനാശവും തീർത്ത തടസ്സങ്ങൾക്കിടയിലായിരുന്നു കൃഷിയും വിളവെടുപ്പും. സംഭരണത്തിന്റെ കണക്ക് പൂർത്തിയാക്കാൻ രണ്ടാഴ്ചകൂടി വേണ്ടിവരും. ഇതുകൂടി ലഭിച്ചാൽ ഏകദേശം 500 ടൺ കൂടി സംഭരണ കണക്കിൽ ഉൾപ്പെടും. 2600 കർഷകരിൽ നിന്നാണ് ഇത്രയും നെല്ല് സംഭരിച്ചത്. കഴിഞ്ഞതവണ സംഭരിച്ചത് 12,453 ടൺ ആയിരുന്നു . ഇത്തവണ ഭേദപ്പെട്ട വിളവാണ് ലഭിച്ചതെങ്കിലും കനത്തമഴയിൽ കൃഷിനാശം സംഭവിച്ചത് സംഭരണം കുറയാൻ കാരണമായി. മഹാപ്രളയശേഷം പാടശേഖരങ്ങളിൽ എക്കൽ കയറിയതിനെ തുടർന്ന് 2019ൽ 13,156 ടൺ സംഭരിച്ചത് ജില്ലയിലെ റെക്കോഡായിരുന്നു. ഇത്തവണ ആദ്യം കൊയ്ത്ത് നടത്തിയവർക്ക് സാമാന്യം നല്ലവിളവ് ലഭിച്ചെന്നാണ് കർഷകർ പറയുന്നത്. പിന്നീടാണ് മഴ നാശംവിതച്ചത്. 2018ൽ 8626 ടൺ നെല്ല് മാത്രമാണ് സംഭരിക്കാനായത്. എറണാകുളം, തൃശൂർ ജില്ലകളിലെ സ്വകാര്യമില്ലുകളാണ് സപ്ലൈകോ മുഖേന കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിച്ചത്. ജില്ലയിൽ ഉൽപാദിപ്പിക്കുന്ന നെല്ല് ഏതാണ്ട് മുഴുവനും സപ്ലൈകോയ്ക്ക് നൽകുകയാണ് പതിവ്. 35 കൃഷിഭവനുകളുടെ പരിധിയിലാണ് നെല്ലുൽപാദനമുള്ളത്.

----------------------

@ 460 ഏക്കറിലെ കൃഷി നശിച്ചു

@3209 കർഷകർ സപ്ലൈകോയിൽ രജിസ്റ്റർ ചെയ്‌തെങ്കിലും ഒട്ടേറെപ്പേർക്ക് കൃഷിനാശം സംഭവിച്ചു.

@ഇതുകാരണം സംഭരണത്തിൽ ശരാശരി 1250 ടൺ നെല്ലിന്റെ കുറവുണ്ടായി.

പെരുമയോടെ പെരിങ്ങര


ജില്ലയിൽ ഇത്തവണയും ഏറ്റവുമധികം നെൽകൃഷി ചെയ്തു വിളവെടുത്തത് പെരിങ്ങര പഞ്ചായത്തിലെ കർഷകരാണ്. 1008 കർഷകരിൽ നിന്നായി 4067 ടൺ നെല്ല് സംഭരിച്ചു. ജില്ലയിലെ നെല്ലുൽപാദനത്തിന്റെ 35 ശതമാനവും വർഷംതോറും പെരിങ്ങരയുടെ സംഭാവനയാണ്.


" കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകിത്തുടങ്ങി. . 667 പേർക്ക് 10 കോടി രൂപയോളം നൽകിയിട്ടുണ്ട്. ഒരുകിലോ നെല്ലിന് 27.48 രൂപ നിരക്കിലാണ് സംഭരിച്ചത്. ഇതിൽ 18.68രൂപ കേന്ദ്ര സർക്കാരും 8.80 രൂപ സംസ്ഥാന സർക്കാരുമാണ് നൽകുന്നത്."

സി.എൽ. മിനി

പാഡി പ്രൊക്വയർമെന്റ് ഒാഫീസർ