പള്ളിക്കൽ : കൃഷി ഭവൻ വഴിയുള്ള കപ്പ ശേഖരണം കർഷകർക്ക് ആശ്വാസമാകുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് സാധാരണ കർഷകർക്ക് പുറമെ നിരവധിയാളുകൾ കൃഷിയിലേക്ക് ഇറങ്ങിയിരുന്നു. വിളവെടുപ്പ് കാലമായപ്പോഴേക്കും വേനൽ മഴയിൽ വെള്ളം കയറിയും ശക്തമായ കാറ്റിൽ പിഴുതു വീണും കർഷകർക്ക് വൻ നഷ്ടമാണുണ്ടായത്. പിഴുത കൂട്ടിയ കപ്പ ലോക്ക് ഡൗൺ കൂടിയായതോടെ കുറഞ്ഞ വിലക്കു പോലും എടുക്കാൻ കച്ചവടക്കാരും ഇല്ലാതായി. അപ്പോഴാണ് കൃഷി ഭവൻ വഴി കപ്പ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം വന്നത്. ഒരു കിലോയ്ക്ക് 12രൂപ നിരക്കിൽ കൃഷിഭവനിൽ കപ്പ ശേഖരിച്ചു. എന്നാൽ 6 രൂപ സർക്കാർ സബ്‌സിഡി നിരക്കാണ്. ബാക്കി ആറ് രൂപ കപ്പ വിറ്റ് കണ്ടെത്തണം. 6 രൂപയ്ക്കും മാർക്കറ്റിൽ വാങ്ങാൻ ആളില്ലാതെ വന്നപ്പോൾ മിൽമ സൊസൈറ്റികളാണ് തുണയായത്. കൃഷിഭവൻ മുഖേന ശേഖരിച്ച കപ്പ സബ്‌സിഡി ഇതര രൂപയായ ആറ് രൂപയ്ക്ക് ക്ഷീര കർകർഷകർക്ക് നൽകി. കാലിതീറ്റയായി പശുക്കൾക്ക് നൽകുകയാണ്.