parking-place-ranni
Parking Place Missuse

റാന്നി: എം.എൽ.എയുടേയും പഞ്ചായത്തു പ്രസിഡന്റിന്റിയേയും നിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ കരാർ കമ്പനി.ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിന് പിന്നിലെ പഴവങ്ങാടി പഞ്ചായത്തുവക പാർക്കിംഗ് സ്ഥലത്ത് പച്ചമണ്ണും കെട്ടിടാവശിഷ്ടങ്ങളും തള്ളുന്ന നടപടികൾ തുടരുന്നു. ഇതോടെ ടൗണിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് വാഹനം പാർക്കു ചെയ്യാൻ സ്ഥലമില്ലാതായി. പാർക്കിംഗ് സ്ഥലത്ത് മണ്ണു തള്ളുന്നതിനെതിരെ കരാർ കമ്പനിയുടെയും കെ.എസ്.ടി.പിയുടെയും അധികൃതരുമായി എം.എൽ.എയും പഞ്ചായത്തു പ്രസിഡന്റും ചർച്ച നടത്തിയിരുന്നു.തുടർന്ന് പാർക്കിംഗ് സ്ഥലത്തെ മണ്ണു നീക്കം ചെയ്യാനും വയലിൽ മണ്ണു തള്ളത്തില്ലെന്നും ഇവർ അറിയിച്ചിരുന്നു.എന്നാൽ തീരുമാനത്തിന് വിരുദ്ധമായി ലോക്ക്ഡൗൺ സമയത്ത് ഇവിടെ വീണ്ടും മണ്ണു തള്ളുന്നത് കമ്പനി തുടരുകയാണ്.ആൾ പൊക്കത്തിലാണ് മണ്ണും കെട്ടിടാവശിഷ്ടങ്ങളും ഇവിടെ തള്ളിയിരിക്കുന്നത്.ഇതോടെ ടൗണിലെത്തുന്ന വാഹനങ്ങൾക്ക് പാർക്കു ചെയ്യണമെങ്കിൽ റോഡരികു തന്നെ ശരണമെന്നായി.കാവുങ്കൽ പടി ഭാഗത്തെ കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം ടൗണിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ടൗണിലെത്തുന്നവർക്ക് റോഡരികിൽ വാഹനങ്ങൾ പാർക്കു ചെയ്യാനുമാവില്ല.പഞ്ചായത്തു കെട്ടിടം നിർമ്മിക്കാൻ നിരപ്പാക്കിയിട്ട സ്ഥലത്തും വാഹന പാർക്കിംഗ് അനുവദിച്ചിരുന്നു.ഓട എടുത്തിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് ഇവിടേയ്ക്കും എത്താനാവില്ല.ബസ് സ്റ്റാൻഡിന് പിന്നിലെ സ്ഥലവും നഷ്ടപ്പെട്ടതോടെ വാഹന പാർക്കിംഗും തലവേദനയായി.പഞ്ചായത്ത് അധികൃതർ ഇടപെട്ട് പാർക്കിംഗ് സ്ഥലത്തെ മണ്ണു നീക്കുവാൻ തയാറാകണമെന്നാണ് ആവശ്യം.