ചെങ്ങന്നൂർ: പെണ്ണുക്കര ഗവ.യു.പി.എസിൽ ഇക്കുറി പുതിയ മൂന്നുജോഡി ഇരട്ടകൾ കൂടി ചേർന്നു. 2014ൽ പൂട്ടലിന്റെ വക്കിലായിരുന്ന പെണ്ണുക്കര ഗവ.യു.പി സ്‌കൂളിലാണ് ഈ അദ്ധ്യായന വർഷം ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത്. പൊൻതൂവലായ ഈ നേട്ടത്തിന് പിന്നാലെ ഇരട്ടി മധുരമായി പെണ്ണുക്കര ഗവ.യു.പി.എസിൽ ഇരട്ടകുട്ടികളുടെ അപൂർവസംഗമം. ആറ് ജോഡി ഇരട്ടകളാണ് ഇപ്പോൾ സ്‌കൂളിൽ പഠിക്കുന്നത്. ഈ അദ്ധ്യായന വർഷം പുതുതായി എത്തിയത് മൂന്ന് ഇരട്ടക്കുട്ടികളാണ്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം അലീന വേണുവിന്റെയും സുധീഷ് കുമാറിന്റെയും മക്കളായ ഒന്നാം ക്ലാസിലെ ദേവ്, ദിയ എന്നിവരാണ് ഇരട്ടകളിലെ ജൂനിയേഴ്‌സ്. മനോജ് കുമാറിന്റെയും കവിതയുടെയും മക്കളായ ആറാം ക്ലാസിൽ അഡ്മിഷൻ നേടിയ അനന്യ, ആശംസ എന്നിവരാണ് ഇരട്ടകളിൽ സീനിയേഴ്‌സ്. ഡോക്ടർ ദമ്പതിമാരായ ജോണിക്കുട്ടി വർഗീസിന്റെയും ജീവിന്റെയും മക്കളായ മൂന്നാം ക്ലാസിലെ ജക്സ്റ്റ ജോആൻ ജോണി, ജോന്റി വർഗീസ് ജോണി എന്നിവരും സ്‌കൂളിലെ പുതുമുഖ ഇരട്ടകളാണ്. സനിൽകുമാറിന്റെയും ബിന്ദുവിന്റെയും മക്കളായ മൂന്നാം ക്ലാസിലെ ദേവാനന്ദ്, ദേവാനന്ദ, അനീഷിന്റെയും മഞ്ജുവിന്റെയും മക്കളായ നാലാം ക്ലാസിലെ നയന, നന്ദന, അനിൽകുമാർ സുനിത ദമ്പതിമാരുടെ മക്കളായ മൂന്നാം ക്ലാസിലെ ആദർശ, ആദിത്യൻ എന്നീ മൂന്നു ജോഡി ഇരട്ടകളാണ് ഇവിടെ ഉണ്ടായിരുന്നു. മൂന്നാം ക്ലാസിലാണ് ഇരട്ടജോഡികൾ കൂടുതൽ ഉള്ളത്. ഇവിടെ മാത്രം മൂന്ന് ജോഡി ഇരട്ടകളാണ് ഉള്ളത്.