ചെങ്ങന്നൂർ : മിത്രപ്പുഴക്കടവിൽ ചെങ്ങന്നൂർ ദേവി തൃപ്പൂത്താറാടി. മലയാള വർഷത്തിലെ ആറാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ഹംസവാഹനത്തിലാണ് ദേവിയെ ആറാട്ടിനെഴുന്നെള്ളിച്ചത്. പനിനീരും മഞ്ഞൾപ്പൊടിയും ഇളനീരും പാലും എണ്ണയും ദേവിക്ക് അഭിഷേകവും കരയിൽ നിവേദ്യവും നടത്തി. ചടങ്ങുകൾക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാർമികത്വം വഹിച്ചു. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയപ്പോൾ ശ്രീപരമേശ്വരൻ ഋഷഭവാഹനത്തിൽ എഴുന്നെള്ളി ദേവിയെ സ്വീകരിച്ചു. അകത്തെഴുന്നെള്ളിപ്പിനുശേഷം കളഭാഭിഷേകം നടന്നു. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഭക്തർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. തിരുവാഭരണം കമ്മിഷണർ എസ്.അജിത്ത് കുമാർ, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാര വാരിയർ, പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ, ജി.ബൈജു, ഇൻസ്‌പെക്ഷൻ ഡെപ്യൂട്ടി കമ്മിഷണർ ബി.എസ്.ശ്രീകുമാർ, ആറന്മുള അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ എസ്.സുചീഷ് കുമാർ, ജൂനിയർ സൂപ്രണ്ട് പി.ആർ.മീര എന്നിവർ പങ്കെടുത്തു.