പത്തനംതിട്ട: ലോക്ഡൗണിനെ തുടർന്ന് ബിറേജസ് ഔട്ട്‌ലെറ്റുകൾ പൂട്ടിയതോടെ ജില്ലയിൽ വ്യാജവാറ്റ് വ്യാപകമാകുന്നു. മിക്കദിവസവും എക്‌സൈസ്‌പൊലീസ് റെയ്ഡുകളും നടക്കുന്നുണ്ട്. നാട്ടിൻപുറങ്ങളിലെല്ലാം വാറ്റ് പെരുകി. ലോക്ക്ഡൗണായതോടെയാണ്വാറ്റ്സജീവമാകാൻ തുടങ്ങിയത്. പലർക്കും തൊഴിൽ ഇല്ലാതായതും വ്യാജ വാറ്റിലേക്ക് തിരിയാൻ ഇടയാക്കിയിട്ടുണ്ട്. ലഹരി കൂട്ടാൻ മാരകമായ പല രാസ വസ്തുക്കളും ഉപയോഗിക്കുന്നുണ്ട്. വാറ്റിനും കോട സൂക്ഷിക്കാനുമായി ഒഴിഞ്ഞ് കിടക്കുന്ന സ്‌കൂൾ കെട്ടിടങ്ങൾ പോലും ഉപയോഗിക്കുന്നു. കുളനടയിൽ സ്‌കൂൾ ശുചിമുറിയിലാണ് കോടസൂക്ഷിച്ചത്. റാന്നി, വടശേരിക്കര , ചിറ്റാർ, ആങ്ങമൂഴി, കോന്നി തുടങ്ങിയ മലയോര മേഖലകളിലും വ്യാജ വാറ്റ് തകൃതിയാണ്.രഹസ്യ വിവരം ലഭിക്കുന്നതനുസരിച്ച് പൊലീസ് എക്‌സൈസ് റെയ്ഡും നടക്കുന്നുണ്ട്. അടൂർ, പന്തളം മേഖലകളിലും വാറ്റ് സജീവമാണ്. ഒഴിഞ്ഞ് കിടക്കുന്ന കെട്ടിങ്ങളിലും കാട് പിടിച്ച കനാലുകളിലും മറ്റുമാണ് കോട സുക്ഷിക്കുന്നത്.

ഈ വർഷം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് മേയിലാണ്.111 ഓളം കേസുകളാണ് കഴിഞ്ഞ മാസത്തിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. 8350 ലിറ്റർ കോടയും 94.5 ലിറ്റർ ചാരായവും കഴിഞ്ഞ മാസം പിടികൂടിയിരുന്നു.


ലിറ്ററിന് 1000 മുതൽ 2000 രൂപ വരെയാണ് വിൽക്കുന്നത്. ഇലവുംതിട്ട, അടൂർ, റാന്നി, തിരുവല്ല, മല്ലപ്പള്ളി , കോന്നി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതലും. കണ്ടെയ്ന്റ്‌മെന്റ് സോണിൽ വരെ ഇത്തരത്തിൽ വാറ്റ് നടക്കുന്നുണ്ടെന്ന് രഹസ്യവിവരമുണ്ട്.

മേയിൽ111കേസുകൾ

8350 ലിറ്റർ കോടയും 94.5 ലിറ്റർ ചാരായവുംപിടികൂടി

ലിറ്ററിന് 1000 മുതൽ 2000 രൂപ വരെ