തിരുവല്ല: അപ്രതീക്ഷിതമായെത്തിയ വെള്ളപ്പൊക്കത്തെ തുടർന്ന് ഏത്തവാഴയും പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചു. നെടുമ്പ്രം പഞ്ചായത്തിൽ മാലിക്കൽ വീട്ടിൽ ജോജിയുടെ പാതി വിളവെത്തിയ അഞ്ഞൂറോളം ഏത്തവാഴ കൃഷിയാണ് നശിച്ചത്. ഓണ വിപണി ലക്ഷ്യം വെച്ച് ഒരേക്കറോളം സ്ഥലത്ത് കൃഷി ചെയ്ത വാഴകളാണ് പാടേ നശിച്ചത്. കനത്തമഴയിലും കാറ്റിലും നൂറുകണക്കിന് വാഴകൾ ഒടിഞ്ഞ് നിലം പതിച്ചു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇപ്പോഴും വാഴത്തോപ്പിൽ വെള്ളം കെട്ടി നിൽക്കുന്നത് മൂലം ബാക്കിയുള്ള വാഴകളുടെ ചുവട് അഴുകിത്തുടങ്ങിയിട്ടുണ്ട്. കിഴക്കനോതറ ചെപ്പോലയിൽ വിക്രമൻ നായരും ഭാര്യ പത്മിനിയും കൂടി ഒരേക്കറിൽ കൃഷി ചെയ്ത പച്ചക്കറിയും വെള്ളപ്പൊക്കത്തിൽ നശിച്ചു. തുടർച്ചയായി പെയ്ത മഴയിൽ കൃഷിയിടത്തിൽ വെള്ളം പൊങ്ങിയത് ഒഴുകിമാറാൻ താമസം നേരിട്ടത് വിനയായി. പാട്ടത്തിനെടുത്ത സ്ഥലത്ത് പയർ, പടവലം, പാവൽ, ചീര, വെള്ളരി, വഴുതന എന്നിവയാണ് കൃഷിയിറക്കിയത്.
വലിയ നഷ്ടമെന്ന് കർഷകർ
വേനൽക്കാല കൃഷിയുടെ വിളവെടുക്കാറായപ്പോഴാണ് അപ്രതീക്ഷിതമായി മേയിൽ രണ്ട് വെള്ളപ്പൊക്കം എത്തിയത്. പ്രദേശത്ത് ഒട്ടേറെ കർഷകർക്ക് ഇതേപോലെ വലിയ നഷ്‌ടം സംഭവിച്ചു. കപ്പ കർഷകരെയും വെള്ളപ്പൊക്കം ചതിച്ചു. ലോക്ക്ഡൗണിൽ പലരും കൂടുതൽ സ്ഥലത്ത് കപ്പ കൃഷി ചെയ്തതോടെ വിലയിടിവുണ്ടായി. ഇതിനെ മറികടക്കാൻ മറ്റുവഴികൾ തേടുന്നതിനിടെയാണ് വെള്ളപ്പൊക്കവും നാശം വിതച്ചത്.
ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ജോജി
കർഷകൻ