03-kadambanadu-phc
കടമ്പനാട് പ്രാഥമികാരോഗ്യകേന്ദ്രം

കടമ്പനാട് : ആതുര ശുശ്രൂഷാ രംഗത്ത് 85 വർഷങ്ങളുടെ പഴക്കമുണ്ട് നിലക്കൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടമ്പനാട് പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്. വർഷങ്ങൾ പിന്നിടുമ്പോഴും നഷ്ടങ്ങളുടെ കണക്കുകൾ മാത്രമാണ് ഈ ആതുരാലയത്തിന് പറയാനുള്ളത്. കുന്നത്തൂരിലെ ഏറ്റവും മികച്ച ചികിത്സാ സംവിധാനമുള്ള ആശുപത്രിയായിരുന്നു ഇത്. ഒരു ദിവസം 20 പ്രസവങ്ങൾ വരെ, കൈയൊടിഞ്ഞാലോ, കാലൊടിഞ്ഞാലോ ശസ്ത്രക്രിയ, മോർച്ചറി , തുടങ്ങിയ സൗകര്യങ്ങൾ. ഇന്ന് ഇതൊക്കെ ഓർമ്മകൾ മാത്രമാണ് നാട്ടുകാർക്ക്. കിടത്തി ചികിത്സയില്ലെങ്കിലും കഴിഞ്ഞ 13 വർഷത്തിനുള്ളിൽ 4 തവണ കിടത്തി ചികിത്സ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഒ.പി.യിലെത്തുന്ന രോഗികൾക്കോ സ്റ്റാഫിനോ വൃത്തിയുള്ളൊരു മൂത്രപ്പുര പോലുമില്ല.

അവഗണന മാത്രം

കുന്നത്തൂർ താലൂക്കിന്റെ ഭാഗമായ ആശുപത്രി അടൂർ താലൂക്ക് രൂപീകരണത്തോടെ 1984ൽ അടൂരിന്റെ പരിധിയിലായി. താലൂക്ക് ഹോസ്പിറ്റൽ നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി ഇതോടെ പ്രാഥമികാരോഗ്യ കേന്ദ്രമായി തരം താഴ്ത്തി. ഇവിടെ തുടങ്ങിയതാണ് ആശുപത്രിയുടെ അധോഗതി. കാലാകാലങ്ങളിൽ വന്ന ജനപ്രതിനിധികളാരും ആശുപത്രി വികസനത്തിനായി ക്രിയാത്മകമായി ഒന്നും ചെയ്തില്ല. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റെറായി ഉയർത്തണമെന്ന ആവശ്യം പരിഗണിച്ചില്ല. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ഉയർത്തിയപ്പോഴും കടമ്പനാടിനെ പരിഗണിച്ചില്ല.

നിലനിന്നിരുന്ന ചികിത്സാ സംവിധാനം വേണമെന്ന് ആവശ്യം

കൊല്ലം- പത്തനംതിട്ട ജില്ലകളെ വേർതിരിക്കുന്ന കടമ്പനാട് -ഏഴംകുളം മിനി ഹൈവേക്കരുകിലാണ് ഈ ആശുപത്രിസ്ഥിതി ചെയ്യുന്നത്. കൊല്ലം ജില്ലയുടെ ഭാഗങ്ങളിൽ നിന്നും നൂറ്കണക്കിനാളുകൾ ആശ്രയിക്കുന്നത് ഈ ആശുപത്രിയാണ്. രണ്ടേക്കറിലധികം സ്ഥലമുണ്ട്. റോഡ് ഉയരത്തിലായതിനാൽ വെള്ളം ഒഴുകി ആശുപത്രി മുറ്റത്ത് കെട്ടിനിൽക്കുന്നു. പ്രധാന കെട്ടിടമുൾപ്പടെ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ച് പോരുകയാണ് ഇപ്പോൾ.

പ്രതീക്ഷയിൽ നാട്ടുകാർ

പുതിയ കെട്ടിടങ്ങൾ വേണം. നിലനിന്നിരുന്ന ചികിത്സാ സംവിധാനങ്ങളെങ്കിലും പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണം. ജില്ലയിൽ നിന്നുള്ള മന്ത്രി ആരോഗ്യ മന്ത്രി കൂടിയായതിനാൽ പ്രതീക്ഷയിലാണ് നാട്ടുകാർ.