അടൂർ : പത്തനംതിട്ട ജില്ലയിലെ ആദ്യ ഓക്സിജൻ പാർലർ അടൂർ സെൻട്രൽ ലയൺസ് ക്ലബ് അടൂർ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്നു. അന്തരീക്ഷത്തിൽനിന്നുള്ള ഓക്സിജനെ 95ശതമാനം കോൺസെൻട്രേറ്റഡാക്കി രോഗിക്ക് നൽകുന്ന സംവിധാനമാണിത്. പുറത്തുനിന്നുള്ളവർക്ക് അടിയന്തിരമായി ഓക്സിജൻ ആവശ്യമായി വരുമ്പോൾ ഏതു സമയവും അതിന്റെ ലഭ്യത ഉറപ്പുവരുത്താൻ ഇതിലൂടെ കഴിയും. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സെൻട്രൽ ലയൺസ് ക്ളബ് ഒാക്സിജൻ പാർലർ സ്ഥാപിച്ചത്. മതിയായ സൗകര്യങ്ങൾ നഗരസഭയും ചെയ്തുകൊടുത്തു.ഓക്സിജൻ പാർലറിന്റെ സമർപ്പണം ശനിയാഴ്ച ആശുപത്രി അങ്കണത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. അടൂർ മുനിസിപ്പൽ ചെയർമാൻ ഡി. സജിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അടൂർ സെൻട്രൽ ലയൺസ് ക്ലബ് പ്രസിഡന്റ് അടൂർ സേതു ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറും.മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, ഡി. എം. ഒ. ഡോ. എ. ഏൽ. ഷീജ,ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സുനിൽകുമാർ, മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിപാണ്ടിക്കുടി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുഭഗൻ, ആർ. എം. ഒ. ഡോ. സാഹ്നി എം. സോമൻ, ലയൺസ് ക്ലബ് സെക്രട്ടറി എംബ്രയിൽ ഷംസുദ്ദീൻ , ട്രഷറാർ വി. പി.അനിൽ കുമാർ എന്നിവർ പ്രസംഗിക്കും.
@ പൾസ് ഓക്സിമീറ്റർ പരിശോധനയിൽ ഓക്സിജന്റെ അളവ് കുറവാണെന്നു കണ്ടാൽ ക്വിയോസ്കിൽ കയറി നേരിട്ട് ഓക്സിജൻ സ്വീകരിക്കാം.
@ പത്തു മിനിറ്റ് ഓക്സിജൻ മാസ്കിലൂടെ ശ്വസിക്കുക മാത്രമാണ് വേണ്ടത്.
@ ഓക്സിമീറ്ററിൽ പരിശോധിച്ച് അളവും ഉറപ്പുവരുത്താം.
----------------
മൂന്നു പഞ്ചായത്തുകളിൽ കൂടി നിയന്ത്രണം
പത്തനംതിട്ട: ജില്ലയിൽ ജനസംഖ്യ അനുസൃതമായി കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റും കൂടുതലുള്ള കോയിപ്രം, മല്ലപ്പുഴശേരി, ഏനാദിമംഗലം പഞ്ചായത്തുകളിൽ കൂടി ലോക്ക് ഡൗൺ ഇളവില്ലാതെ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കളക്ടറേറ്റിൽ ഓൺലൈനായി ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. പത്ത് പഞ്ചായത്തുകളിലും ഒരു നഗരസഭയിലും നേരത്തേ ലോക്ക് ഡൗൺ ഇളവുകൾ ഇല്ലാതെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമെയാണ് ജില്ലയിൽ ടിപിആർ കൂടുതലുള്ള മൂന്ന് പഞ്ചായത്തുകളിൽ കൂടി നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ, ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി, ഡിഎംഒ (ആരോഗ്യം) ഡോ.എ.എൽ ഷീജ, എൻഎച്ച്എം ഡിപിഎം ഡോ.എബി സുഷൻ, ഡെപ്യൂട്ടി ഡിഎംഒ ഡോ.സി.എസ് നന്ദിനി, ഡിഡിപി എസ്.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
------------
ഇന്നലെ 638 പേർക്ക് കൊവിഡ്
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 638 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
മൂന്നു പേർ വിദേശത്തു നിന്ന് വന്നവരും, രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 633 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.