പത്തനംതിട്ട: കൊവിഡ് മൂന്നാം തരംഗം നേരിടാനുള്ള തയ്യാറെടുപ്പുകൾ ജില്ലയിൽ ആരംഭിച്ചു. മൂന്നാം തരംഗം കുട്ടികളിലാണ് രൂക്ഷമാകുന്നത് എന്നതിനാൽ രോഗ വ്യാപനം തടയാൻ മുൻകരുതലുകൾ വേഗത്തിലാക്കാനാണ് ആരോഗ്യ വകുപ്പിന്റെ ശ്രമം. രോഗം സങ്കീർണമാകുന്ന കുട്ടികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കുന്നത് അടൂർ ജനറൽ ആശുപത്രിയിലാണ്. ദേശീയ ആരോഗ്യ മിഷന്റെ നേതൃത്വത്തിൽ കുട്ടികളിൽ പരിശാേധനയ്ക്കും ചികിത്സയ്ക്കുമുള്ള ഉപകരണങ്ങൾ അടുത്ത ദിവസങ്ങളിൽ അടൂർ ജനറൽ ആശുപത്രിയിലെത്തും. പീഡിയാട്രിക് വെന്റിലേറ്ററുകൾ അടങ്ങുന്ന ചികിത്സാ സംവിധാനങ്ങളാണ് ഏർപ്പെടുത്തുന്നത്. ഒരേ സമയം 10 കുട്ടികൾക്കുള്ള വെന്റിലേറ്റർ കിടക്കകൾ ഒരുക്കും.
പത്തനംതിട്ട ജനറൽ ആശുപത്രിയിലും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും മുതിർന്നവർക്കുള്ള കൊവിഡ് ചികിത്സ മാത്രമാണുള്ളത്.
ജില്ലയിൽ കുട്ടികളിൽ ഇതുവരെ രോഗ വ്യാപനം കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കുറഞ്ഞ കേസുകൾ ഉണ്ടായിരുന്നു.
ഫലം വേഗത്തിലും കൃത്യമായും ലഭിക്കുന്ന എലിസ ടെസ്റ്റിലൂടെയാണ് കുട്ടികളിൽ രോഗ വ്യാപനം കണ്ടെത്തുന്നത്.
കുട്ടികൾക്ക് പൊതുവെ രോഗ പ്രതിരോധ ശേഷി കൂടുതലായതിനാൽ കൊവിഡ് ലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ കണ്ടെത്തണമെന്നില്ല. ചെറിയ പനിയും ചുമയുമായി രോഗം വന്നുപോകാം. രോഗ പ്രതിരോധ ശേഷി കുറഞ്ഞവരിൽ ന്യുമോണിയ ബാധിച്ച് സങ്കീർണമാകാനുളള സാദ്ധ്യതയുണ്ട്.
വാക്സിൻ എടുക്കാത്ത മുതിർന്നവരിൽ നിന്നാകും കുട്ടികളിലേക്ക് രോഗം പകരുന്നത്.
വാക്സിൻ എടുത്തവർ രോഗവാഹകരുമാകാം.
കുട്ടികൾക്കുള്ള കിടത്തിച്ചികിത്സ അടൂർ ജനറൽ ആശുപത്രിയിൽ.
ഒരേ സമയം 10 വെന്റിലേറ്റർ കിടക്കകൾ
-----------
'' മൂന്നാം തരംഗമുണ്ടായാൽ നേരിടാൻ ജില്ലയിൽ മുൻകരുതൽ നടപടികൾ തുടങ്ങി. കുട്ടികളെ പരമാവധി ശ്രദ്ധിക്കേണ്ട സമയമാണിത്.
ഡോ. എബി സുഷൻ, ദേശീയ ആരോഗ്യ മിഷൻ പ്രോഗ്രാം മാനേജർ.