03-kodikkunnil
എം.പി.യുടെ ശ്രമഫലമായി ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി. എഞ്ചിനീയറിംഗ് കോളേജിൽ നഗരസഭയ്ക്ക് മാത്രമായി അനുവദിച്ച നാഷണൽ ഹെൽത്ത് മിഷന്റെ വാക്‌സിനേഷൻ കേന്ദ്രം കൊടിക്കുന്നിൽ സുരേഷ് എം.പി. സന്ദർശിക്കുന്നു. കൗൺസിലർമാരായ ബി. ശരത് ചന്ദ്രൻ, മനീഷ് കീഴാമഠത്തിൽ, നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, മുൻ ചെയർമാൻ കെ.ഷിബു രാജൻ, ജില്ലാ ആശുപത്രി എൽ.എച്ച്.ഐ. വി.ആർ. വത്സല എന്നിവർ സമീപം.

ചെങ്ങന്നൂർ : കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ശ്രമഫലമായി നഗരസഭാ പ്രദേശത്തുള്ളവർക്ക് മാത്രമായി നാഷണൽ ഹെൽത്ത് മിഷന്റെ പ്രത്യേക വാക്‌സിനേഷൻ കേന്ദ്രം ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി.എൻജിനിയറിംഗ് കോളേജിൽ ആരംഭിച്ചു. നഗരസഭാ യു.ഡി.എഫ്. കൗൺസിലർമാരുടെ ആവശ്യപ്രകാരമാണ് കൊടിക്കുന്നിൽ സുരേഷ് എം.പി. ജില്ലാ കളക്ടർ, ഡി.എം.ഒ, നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ എന്നിവർക്ക് കത്ത് നൽകിയത്. ഇതേ തുടർന്ന് നാഷണൽ ഹെൽത്ത് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. നീലിമ ഭാസ്‌ക്കറടക്കം അഞ്ച് ജീവനക്കാരെ ഇതിനായി പ്രത്യേകം നിയമിച്ച് ഉത്തരവായത്. ഒരു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, രണ്ട് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്‌സ്, രണ്ട് സ്റ്റാഫ് നേഴ്‌സ് എന്നിവരെയാണ് ഇതിനായി നാഷണൽ ഹെൽത്ത് മിഷൻ നിയമിച്ചത്. ഓരോ പഞ്ചായത്തുകളിലും പ്രത്യേകമായി വാക്‌സിനേഷൻ കേന്ദ്രങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭാ പ്രദേശത്തെ വാക്‌സിനേഷൻ സെന്റർ ജില്ലാ ആശുപത്രിയുടെ കീഴിലായതിനാൽ സമീപ പഞ്ചായത്തുകളിൽ നിന്നും അന്യ ജില്ലകളിൽ നിന്നും ഇവിടെ വാക്‌സിൻ എടുക്കാൻ എത്തുന്നവർ നിരവധിയാണ്. മിക്ക ദിവസങ്ങളിലും പ്രായാധിക്യമുളളവരും രോഗികളും വാക്‌സിൻ എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്നു. നഗരസഭയ്ക്കായി എൻ.എച്ച്.എം.ന്റെ പ്രത്യേക കേന്ദ്രം അനുവദിച്ചതോടെ എൻജിനിയറിംഗ് കോളേജിൽ രണ്ടിടത്തായി രണ്ടു കേന്ദ്രങ്ങൾ പ്രവർത്തിച്ചു തുടങ്ങി. ഇന്നലെ മുതൽ പുതിയ വാക്‌സിനേഷൻ കേന്ദ്രം അനുവദിച്ചതോടെ തിരക്ക് നിയന്ത്രിക്കാനായി. നഗരസഭയ്ക്ക് മാത്രമായും പൊതുവായും രണ്ട് വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഇനി മുതൽ എൻജിനിയറിംഗ് കോളേജിൽ പ്രവർത്തിക്കും. എം.പി. കൊടിക്കുന്നിൽ സുരേഷ് പുതിയതായി ആരംഭിച്ച എൻജിനിയറിംഗ് കോളേജിലെ വാക്‌സിനേഷൻ സെന്റർ സന്ദർശിച്ചു. നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് , കൗൺസിലർമാരായ കെ.ഷിബുരാജൻ, മനീഷ് കീഴാമീത്തിൽ, മിനി സജൻ, ബി. ശരത് ചന്ദ്രൻ എന്നിവരും എം.പി.യോടൊപ്പം ഉണ്ടായിരുന്നു.