പുല്ലാട് : ലോക്ക് ഡൗൺ ഇളവിൽ മൊബൈൽ ഫോൺ കട തുറന്നു പ്രവർത്തിച്ചതിന്റെ പേരിൽ കട ഉടമയ്‌ക്കെതിരെ പൊലീസ് അകാരണമായി കേസെടുത്തെന്ന് പരാതി. പുല്ലാട് ജഗ്ഷനിലെ കിഴക്കേടത്ത് കമ്യൂണക്കേഷൻസിന്റെ പ്രവർത്തനമാണ് പൊലീസ് തടസപ്പെടുത്തുകയും ഉടമ അമ്പോറ്റിയുടെ പേരിൽ കേസെടുക്കുകയും ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന കടയുടെ പേരിൽ കേസെടുത്തതിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലാട് യൂണിറ്റാണ് തിരുവല്ല ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്. എന്നാൽ സാമൂഹിക അകലം പാലിക്കാതെ ഒട്ടേറെപ്പേർ കടയിൽ കൂട്ടംകൂടി നിന്നതിനാണ് നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂൾ തുറന്നതിനാൽ ഫോൺ നന്നാക്കാനും പുതിയത് വാങ്ങാനും എത്തിയിരുന്നവർ അകലം പാലിച്ചാണ് നിന്നതെന്നും കടയിലെ കാമറ ദൃശ്യം പരശോധിച്ചാൽ ഇത് മനസിലാകമെന്നും അമ്പോറ്റി പറഞ്ഞു. പരാതി നൽകിയതിന്റെ പേരിൽ ഇതിന് മുമ്പും കേസെടുത്തിട്ടുണ്ടന്ന കളള പ്രചാരണവും പൊലീസ് നടത്തുന്നതായി ഇദ്ദേഹം അരോപിച്ചു