മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി. മല്ലപ്പള്ളി ഡിപ്പോയിൽ നിന്നും ആരോഗ്യപ്രവർത്തകർക്കായി ബസ് സർവീസ് നടത്തി. ഇന്നലെ രാവിലെയും വൈകുന്നേരവും നാല് ട്രിപ്പുകളാണ് തിരുവല്ലയിലേക്കും തിരിച്ചും നടത്തിയത്. ഉത്തരവ് വന്നാലുടൻ ബസുകൾ നിരത്തിലിറക്കുവാൻ ഏല്ലാ ക്രമീകരണങ്ങളും ഒരുക്കി കാത്തിരിക്കുകയാണ് ജീവനക്കാർ. കഴിഞ്ഞ ദിവസം ജീവനക്കാരുടെ നേതൃത്വത്തിൽ മുഴുവൻ ബസുകളും കഴുകി വൃത്തിയാക്കി. ബാറ്ററികൾ ചാർജ്ജ് ചെയ്യുകയും ബസുകൾ ഓടാതെ കിടന്നതിനാൽ സംഭവിച്ച കേടുപാടുകളെല്ലാം അറ്റകുറ്റപണികൾ നടത്തി. കാടുകയറിയ ഡിപ്പോ പരിസരം ശുചീകരിച്ചു. ഇതിനിടെ ലോക്ഡൗൺ കാലത്ത് 14 ബസുകൾ ഇവിടെ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയെങ്കിലും ഒരെണ്ണം പോലും മടക്കി കൊടുത്തിട്ടില്ല. എറണാകുളത്തുനിന്ന് 5 ബസുകൾ അനുവദിച്ചതായി അറിയിപ്പ് വന്നെങ്കിലും വാഹനം ഇവിടെ എത്തിയിട്ടില്ല. ജീവനക്കാരും ഡിപ്പോയും സർവീസുകൾ നടത്താൻ തയാറാണെങ്കിലും ആകെയുള്ള 38 ബസുകളിൽ 14 എണ്ണത്തിന്റെ കുറവ് ചെയിൻ സർവീസ് ഉൾപ്പെടെയുള്ള റൂട്ടുകളിൽ യാത്രാക്ലേശത്തിന് കാരണമാകും.
-കെ.എസ്.ആർ.ടി.സി. ആരോഗ്യ പ്രവർത്തകർക്കായി സർവീസ് നടത്തി