തിരുവല്ല: കൊവിഡ് രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്ത പഞ്ചായത്ത്‌ പ്രസിഡന്റിനെയും ബ്ലോക്ക്‌ മെമ്പറെയും തടഞ്ഞതായി പരാതി. കടപ്ര പഞ്ചായത്ത്‌ 5, 6 വാർഡുകളിൽ കൊവിഡ് രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ടിരുന്ന പഞ്ചായത്ത്‌ പ്രസിഡന്റ് നിഷ അശോകനെയും ബ്ലോക്ക്‌ മെമ്പർ ലിജി ആർ.പണിക്കരെയുമാണ് ഈ വാർഡുകളിലെ മെമ്പർമാരായ സോജിത്ത് സോമന്റെയും രഞ്ജിത്ത് രാജന്റെയും നേതൃത്വത്തിൽ 20 ഓളം ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് തടഞ്ഞുനിറുത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഈ വാർഡിലെ മെമ്പർമാർ കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം കൊണ്ടുപോകാൻ വരാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത്‌ പ്രസിഡന്റിന്റെയും ബ്ലോക്ക്‌ മെമ്പറുടെയും നേതൃത്വത്തിൽ ഭക്ഷണ വിതരണത്തിന് ഇറങ്ങിയത്. പഞ്ചായത്തിലെ മറ്റ് മെമ്പർമാരെല്ലാം രാഷ്ട്രീയം മറന്ന് പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാകുമ്പോൾ ഈ രണ്ടു മെമ്പർമാർ മാറിനിന്ന് രാഷ്ട്രീയം കളിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും കൊവിഡ് രോഗികളുടെ അന്നം മുടക്കിയ നടപടി മനുഷ്യത്വരഹിതമാണെന്നും പ്രസിഡന്റ് നിഷ അശോകൻ കുറ്റപ്പെടുത്തി. ഇവരുടെ നടപടിക്കെതിരെ പുളിക്കീഴ് പൊലീസിൽ പരാതി നൽകിയതായും അവർ പറഞ്ഞു.