ഒാമല്ലൂർ: വാഴമുട്ടം മോക്ഷഗിരി മഠത്തിലേക്ക് വഴികാട്ടുന്ന ബോർഡുകൾ നീക്കംചെയ്യണമെന്ന് ഒാമല്ലൂർ പഞ്ചായത്ത്. പത്ത് വർഷത്തിലേറെയായി നിലനിൽക്കുന്ന ബോർഡ് ഇപ്പോൾ നീക്കണമെന്ന് പറയുന്നതിന് പിന്നിൽ വർഗീയ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമമെന്ന് മോക്ഷഗിരിമഠം.

പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാന പ്രകാരം സെക്രട്ടറിയാണ് മോക്ഷഗിരി മഠം സ്ഥപതി രമേഷ് ശർമ്മയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നൽകിയത്. മഠത്തിലേക്ക് വഴി കാണിക്കുന്ന നാല് ബോർഡുകളാണ് 8,9 വാർഡുകളിലുള്ളത്. യാത്രക്കാർക്കും പ്രദേശവാസികൾക്കും ഇവ ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് റോഡ് വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കണമെന്ന് ആവശ്യപ്പെട്ടത്. വാർഡുകളിൽ നിന്നുളള അംഗങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കത്ത് നൽകിയതെന്നും പറയുന്നു. 15 ദിവസത്തിനകം ബോർഡ് എടുത്തുമാറ്റിയില്ലെങ്കിൽ പഞ്ചായത്ത് നീക്കം ചെയ്യും. ഇതിനുള്ള ചെലവ് മഠം നൽകേണ്ടി വരുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, മോക്ഷഗിരി മഠത്തിന്റെ പ്രശസ്തിയെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് ബോർഡ് നീക്കാൻ ആവശ്യപ്പെട്ടതെന്ന് രമേഷ് ശർമ്മ പറഞ്ഞു. ആർക്കും ഉപദ്രവമില്ലാതെയാണ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാർക്ക് പരാതിയില്ല. മഠത്തിലേക്ക് ഭക്തർ എത്തുന്നത് വഴി അറിയിച്ചുള്ള ബോർഡുകൾ കണ്ടാണ്. പഞ്ചായത്ത് അംഗങ്ങൾ ദുരുദ്ദേശത്തോടെയാണ് പെരുമാറുന്നത്.

പഞ്ചായത്ത് പരിധിയിൽ 126 അനധികൃത ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് താൻ മനസിലാക്കുന്നത്. അവ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയിട്ടില്ല. പറശിനിക്കടവ് മുത്തപ്പൻ എഴുന്നെള്ളത്ത് ഉൾപ്പെടെ മഠത്തിൽ നടന്ന പരിപാടികൾക്ക് വലിയ തോതിൽ ഭക്തജനങ്ങൾ എത്തിയിരുന്നു. ലോക്ക്ഡൗണിന് ശേഷം പുതിയ ചടങ്ങുകൾ നടക്കുമെന്ന് അറിഞ്ഞാണ് മഠത്തെ തകർക്കാൻ നീക്കം നടത്തുന്നതെന്ന് രമേഷ് ശർമ്മ പറഞ്ഞു.