തിരുവല്ല: ഏറെക്കാലമായി തുടരുന്ന പെരിങ്ങര പഞ്ചായത്തിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്ന നടപടികൾക്ക് വേഗതയായി. നിലവിലെ വാച്ചാൽ തോടുകളുടെ ഒഴുക്ക് സുഗമമാക്കാൻ സ്ഥാപിച്ചിട്ടുള്ള തൂമ്പുകളുടെ വലുപ്പം കൂട്ടാൻ തീരുമാനമായി. മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഫണ്ടുകൾ കൂടി ലഭ്യമാക്കാനും നടപടി തുടങ്ങി. നിലവിലെ ഒരടി കുഴലുകൾ നീക്കി മൂന്നടിയുള്ള കുഴലുകൾ സ്ഥാപിക്കും. മഴ പെയ്താലുടൻ പഞ്ചായത്ത് ഓഫീസിൽ ഉൾപ്പെടെ വെള്ളക്കെട്ടിന്റെ പ്രശ്ങ്ങളാണ്. പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ വെളളക്കെട്ട് ഒഴിവാക്കാൻ രണ്ട് വർഷക്കാലമായി നടപടികൾ തുടങ്ങിയെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിട്ടില്ല. മാത്യു ടി.തോമസ് എം.എൽ.എ ഫണ്ടിൽ നിന്നും കഴിഞ്ഞവർഷം അനുവദിച്ച 39ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ നടന്നുവരികയാണ്.
തുക അനുവദിച്ചിരിക്കുന്നത്
നെന്മേലിൽപടി മുതൽ മാണിക്കത്തടിപാടം വരെയുള്ള ഭാഗത്തെ വാച്ചാൽ തോടുകൾ നാലടി വീതിയിൽ പുനസ്ഥാപിക്കുന്നതിനും പണിക്കോട്ടിൽപ്പടി, മറിയപ്പള്ളിപടി എന്നിവിടങ്ങളിൽ തൂമ്പുകൾ പുനസ്ഥാപിക്കുന്നതിനുമുള്ള പണികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
നികത്തിയവ വീണ്ടെടുക്കും
ചെന്നക്കാട്ടുപടി, ആലുംമൂട്ടിൽപടി, മൂന്നൊന്നിൽപടി, പെരിഞ്ചാത്തറപടി, തുണ്ടിൽപറമ്പിൽപടി, തൈപ്പറമ്പിൽപടി എന്നീ കലുങ്കുകളിലൂടെയാണ് വാച്ചാൽതോട് ഒഴുകുന്നത്. ചെന്നക്കാട്ടുപടി കലുങ്കിനും ആലുംമൂട്ടിൽപടി കലുങ്കിനും ഇടയിൽ വീടുകളിലേക്കുള്ള വഴിക്കുവേണ്ടി തോട് നികത്തിയ സ്ഥിതിയാണ്. തോട് വീണ്ടെടുത്ത് വഴിയും ഒരുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ആലുംമൂട്ടിൽപടി കലുങ്കിനും മൂന്നൊന്നിൽപടി കലുങ്കിനും ഇടയിൽ തോട് നിലവിലുണ്ട്. എന്നാൽ മൂന്നൊന്നിൽപടി കലുങ്കിനും പെരിഞ്ചാത്തറപടി കലുങ്കിനും ഇടയിൽ തോട് പലഭാഗങ്ങളിലായി നികത്തിയിട്ടുണ്ട്. നികത്തപ്പെട്ട ഭാഗങ്ങളിൽ തോട് വീണ്ടെടുത്ത് തൂമ്പുകൾ പുനസ്ഥാപിച്ച് വാച്ചാൽ തോട്ടിലൂടെയുള്ള നീരൊഴുക്ക് പൂർവസ്ഥിതിയിലാക്കുന്ന പണികളാണ് നടത്തേണ്ടത്. 2018 ലെ മഹാപ്രളയം ഏറ്റവുമധികം ബാധിച്ച മേഖല കൂടിയാണ് പെരിങ്ങര. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, വൈസ് പ്രസിഡന്റ് സുഭദ്രാ രാജൻ, മെമ്പർമാരായ വിഷ്ണു നമ്പൂതിരി, എബ്രഹാം തോമസ്, അശ്വതി രാമചന്ദ്രൻ, മൈനർ ഇറിഗേഷൻ വകുപ്പ് എക്സി.എൻജിനിയർ കോശി, എ.എക്സ്.ഇ അനിതകുമാരി, അസി.എൻജിനീയർ എൻ.ഷൈല എന്നിവർ സ്ഥലങ്ങൾ സന്ദർശിച്ച് നടപടികൾ വേഗത്തിലാക്കി.
-39ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ