ഇലന്തൂർ : പഞ്ചായത്ത് സ്റ്റേഡിയത്തിന് മദ്ധ്യത്തിൽ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന കനാൽ പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ പി.ഐ.പി ( പമ്പാ ഇറിഗേഷൻ പ്രോജക്ട് ) യുടെ നേതൃത്വത്തിൽ ഇന്ന് തുടങ്ങും.
രണ്ട് ദിവസം പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ ടി.കെ.റോഡിൽ ഇന്നും നാളെയും ഗതാഗതം മുടങ്ങും. റോഡിനടിയിലൂടെയും പൈപ്പുകൾ പോകുന്നതിനാൽ റോഡ് മുറിച്ചും പണികൾ നടത്തേണ്ടതുണ്ട്. കോഴഞ്ചേരിയിൽ നിന്നുവരുന്ന വാഹനങ്ങൾ പരിയാരം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് പൂക്കോട് വഴി പത്തനംതിട്ടയ്ക്കു പോകണം. പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരിക്കുള്ള വാഹനങ്ങൾക്കും ഇതേ വഴിയിലൂടെ പോകാവുന്നതാണ്.
സ്റ്റേഡിയത്തിന് സമീപത്തു കൂടിയുള്ള പൂക്കോട് റോഡിൽ യാത്രാ നിയന്ത്രണമില്ല. സ്റ്റേഡിയത്തിനും റോഡിനും അടിയിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകൾക്ക് കാലപ്പഴക്കത്തെ തുടർന്ന് തകരാർ സംഭവിച്ചതിനാൽ തിരക്കേറിയ റോഡിൽ വേനൽക്കാലത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രാ തടസ്സമാകുന്നത് പതിവായിരുന്നു. പൈപ്പ് തകർച്ച നിരന്തരമുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി വീണാജോർജ് വിവരം പി.ഐ.പി അധിക്യതരെ അറിയിച്ചതിനെ തുടർന്നാണ് പുനരുദ്ധാരണ ജോലികൾ ആരംഭിക്കുന്നത്. 10 ലക്ഷം രൂപ ചെലവിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. പഴയ കോൺക്രീറ്റ് പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കും.
വർഷങ്ങൾക്ക് മുമ്പ് ഇരിപ്പൂകൃഷിക്ക് വേണ്ടി കർഷകരെ സഹായിക്കുന്നതിന് ഇടപ്പരിയാരം, പരിയാരം ഏലാകളിലെ ജലദൗർലഭ്യം പരിഹരിക്കാൻ രണ്ട് പ്രദേശങ്ങളിലെയും വലിയ തോടുകളിൽ വെള്ളമെത്തിക്കാൻ സ്ഥാപിച്ച ഉപകനാലാണിത്. പി. ഐ.പി ഇടതുകര കനാലിന്റെ ഭാഗമാണ്.