പത്തനംതിട്ട : റോഡിലൂടെ നടന്നുപോകവേ ആക്രമിച്ച് മാല കവരാൻ ശ്രമിച്ച മോഷ്ടാവിനെ ചെറുത്തുതോൽപ്പിച്ച വയോധികയുടെ ധീരപ്രവൃത്തിക്ക് പൊലീസിന്റെ ആദരം. കോയിപ്രം തെള്ളിയൂർ അനിതനിവാസിൽ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പൊലീസ് ആദരിച്ചത്. ഇന്നലെ വൈകിട്ട് അഡിഷണൽ എസ്.പി ആർ.രാജൻ, തെള്ളിയൂരിലുള്ള വീട്ടിലെത്തി ജില്ലാപൊലീസ് മേധാവിയുടെ അനുമോദന പത്രം കൈമാറി. ഏഴുമറ്റൂർ പഞ്ചായത്ത് ഓഫീസിന് സമീപം കഴിഞ്ഞ 31 നാണ് സംഭവം. റോഡിലൂടെ നടന്നുപോയ രാധാമണിയമ്മയെ എതിരെ ബൈക്കിലെത്തിയ മോഷ്ടാവ് കഴുത്തിൽ കടന്നുപിടിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ അവർ, മനസാന്നിദ്ധ്യം കൈവിടാതെ കള്ളന്റെ കൈയിൽ മുറുകെ പിടിച്ചു നിറുത്തുകയും മാല പറിച്ചുകടന്നുകളയാനുള്ള ശ്രമം പരാജയപ്പെടുത്തുകയുമായിരുന്നു. നിരവധി മോഷണ കേസുകളിലും കവർച്ച കേസുകളിലും പ്രതിയും, പൊലീസിന് എന്നും തലവേദനയുമായ ബിനു തോമസ് ആണ് അന്ന് പിടിയിലായത്. വാഹനങ്ങൾ മോഷ്ടിക്കുന്നതും ഹരമാണ് ഇയാൾക്ക്. സഹായിക്കാൻ ആരുമില്ലാത്ത ചുറ്റുപാടിലും മനസാന്നിദ്ധ്യം കൈവിടാതെയും കള്ളന്റെ പിടിവിടുവിക്കാതെയും കീഴടക്കാൻ കാട്ടിയ ആത്മധൈര്യം സമൂഹത്തിന് ആവേശവും പ്രചോദനവും പകർന്നുനൽകുന്നതാണെന്ന ജില്ലാ പൊലീസ് മേധാവിയുടെ സന്ദേശമടങ്ങിയ അനുമോദനപ്പത്രമാണ് അഡിഷണൽ എസ്.പി സമ്മാനിച്ചത്. മോഷ്ടാവിന്റെ ആക്രമണത്തിന്റെ ആഘാതത്തിൽ നിന്ന് പൂർണമായും മുക്തമായിട്ടില്ലാത്ത രാധാമണിയമ്മ പൊലീസിന്റെ വലിയ സമ്മാനത്തിൽ ഏറെ അഭിമാനം കൊള്ളുകയാണ്. മുതിർന്ന പൊലീസുദ്യോഗസ്ഥർ വീട്ടിലെത്തി രാധാമണിയമ്മയെ അഭിനന്ദിച്ചു.