ബാറ്ററിയില്ലെന്ന് അധികൃതർ, വേണ്ടത് 10 രൂപയുടെ ബാറ്ററി


.
ചെങ്ങന്നൂർ: മുളക്കുഴ ഗ്രാമപഞ്ചായത്തിലെ അരിക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഓക്സി മീറ്ററുകൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു. ആരോഗ്യ വകുപ്പ് അനുവദിച്ചതും വിവിധ സന്നദ്ധ സംഘടനകൾ സംഭാവനയായി നൽകിയതുമായ ഓക്സിമീറ്ററുകളാണ് ഇവ. ബാറ്ററി ഇട്ടാൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നവയാണ് ഓക്സിമീറ്ററുകൾ. എന്നാൽ ബാറ്ററി ഇല്ലാത്തതിനാലാണ് വിതരണം ചെയ്യാത്തത്.

മുളക്കുഴ പഞ്ചായത്ത്, പന്തളം എൻ.എസ്.എസ് കോളേജ്, കെ.എസ്.റ്റി.എ, കാരക്കാട് ലിയോ ക്ലബ് എന്നിവയാണ് ഓക്സി മീറ്ററുകൾ നൽകിയത്. മൊത്തവിലയ്ക്ക് വാങ്ങുന്ന ഓക്സി മീറ്ററുകളിൽ സാധാരണ ബാറ്ററി കാണാറില്ല. ഉപയോഗിക്കുന്നവർ ബാറ്ററി ഇടണം. ഉപയോഗിക്കാതിരുന്നാൽ ഓക്സി മീറ്ററുകൾ ഉപയോഗശൂന്യമാകാൻ സാദ്ധ്യതയുണ്ട്. ചികിത്സയിലും നീരിക്ഷണത്തിലും കഴിയുന്നവർക്ക് ഓക്സി മീറ്ററുകൾ ലിഭിക്കാത്ത സാഹചര്യത്തിലാണ് ഇവ കെട്ടിക്കിടക്കുന്നത്.

പത്ത് രൂപയുടെ ബാറ്ററിയാണ് വേണ്ടത്. മുളക്കുഴ പഞ്ചായത്തിൽ നിന്ന് 10 ലക്ഷം രൂപയാണ് കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി അരിക്കര ആശുപത്രിക്ക് നൽകിയത്. ബാറ്ററി വാങ്ങാൻ ഇതിൽ നിന്ന് പണം ചെലവാക്കാവുന്നതേയുള്ളു. ഓക്സി മീറ്ററുകൾ ലഭിക്കുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്ന് ഉദ്യോഗസ്ഥരെ പഞ്ചായത്തിൽ വിളിച്ചുവരുത്തി കർശന നിർദ്ദേശം നൽകിയിരുന്നതാണ്. പക്ഷേ നടപടി ഉണ്ടായില്ല.